river

ചെർപ്പുളശേരി: പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കുന്തിപ്പുഴക്ക് കുറുകെ നെല്ലായ പഞ്ചായത്തിലെ കുളപ്പട രാമൻചാടി ഭാഗത്ത് തൂക്കുപാലമെന്ന ആവശ്യം വീണ്ടും ഉയരുന്നു. സി.പി.മുഹമ്മദ് എം.എൽ.എയായിരുന്ന കാലത്ത് ഇതിനു വേണ്ടി ചില ശ്രമങ്ങൾ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയർന്നെങ്കിലും മുന്നോട്ട് പോയില്ല. പാലക്കാട് ജില്ലയിലെ കുളപ്പയേയും മലപ്പുറം ജില്ലയിലെ മണലായയേയും ബന്ധിപ്പിച്ച് ഇവിടെ തൂക്കുപാലം വന്നാൽ മണലായ, കുളപ്പട ഭാഗത്തെ ആളുകൾക്ക് ഏറെ ഗുണകരമായി മാറും. കുളപ്പട ഭാഗത്ത് നിന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവുന്ന വിദ്യാർത്ഥികൾക്ക് സമയലാഭവും ലഭിക്കും. കുളപ്പട ഒറവക്കിഴായി ഭാഗത്തുള്ളവർക്കും, ചെർപ്പുളശേരി നഗരസഭയിലെ കാട്ടുകണ്ടം ഭാഗത്തുള്ള കാൽനട യാത്രക്കാർക്കും മുതുകുറുശി, ഏലംകുളം, ചെറുകര, ആനമങ്ങാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്കെത്താൻ എളുപ്പവഴിയായി മാറും. കുളപ്പട വഴി ബസ് സർവീസ് കുറവാണ്. എന്നാൽ മണലായ ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് സർവീസുള്ളത് തൂക്കുപാലം വന്നാൽ കുളപ്പടയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രധമാവും. രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചെറിയ പദ്ധതി പൂർത്തീകരിക്കാൻ ബന്ധപെട്ട ജനപ്രതിനിധികളും അധികാരികളും തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പുഴയിലൂടെയുള്ള കാൽനട ദുസഹം
വേനൽക്കാലത്ത് പുഴയിലൂടെ അക്കരെ എത്തുമെങ്കിലും കുറ്റിക്കാടുകളും കുഴികളും കാരണം ഇപ്പോൾ പുഴയിലൂടെയുള്ള കാൽനട ദുസഹമാണ്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് തൂക്കുപാലമെന്ന ആശയം വീണ്ടും ആവശ്യമായി ഉയർന്ന് വരുന്നത്.

രാമൻചാടി ഭാഗത്ത് തൂക്ക് പാലം നിർമ്മിക്കുക എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഇതുമായി ബന്ധപെട്ട് ഒരുപാട് ശ്രമങ്ങൾ നടത്തിയതാണ്. വിവിധ ആവശ്യങ്ങൾക്കായി രണ്ട് പ്രദേശത്തെയും ജനങ്ങൾ കിലോമീറ്ററുകൾ താണ്ടിയാണ് പോയിവന്ന് കൊണ്ടിരിക്കുന്നത്. ഈ തൂക്കുപാലം യാഥാർത്യമായാൽ വലിയ വികസന സാധ്യതകളുണ്ട്. പാലക്കാട്-മലപ്പുറം ജില്ലകളെ കാൽനടകൊണ്ട് ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു വഴിയായി മുറും. വേണ്ട ഇടപെടൽ നടത്തും.

പി.പി.അൻവർ സാദത്ത്, നെല്ലായ ഗ്രമ പഞ്ചായത്ത് മെമ്പർ.