 
പട്ടാമ്പി: കേരളത്തിലെ പ്രധാന അടയ്ക്ക വിപണന കേന്ദ്രമായ ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിൽ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ദീപാവലി മുഹൂർത്ത കച്ചവടം പൊടിപൊടിച്ചു. ഇന്നലെ ഒറ്റദിവസം 160 ടൺ അടയ്ക്ക വ്യാപാരം നടന്നു. ബുധനാഴ്ച മുതൽ പഴയമാർക്കറ്റിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 2500 ലധികം ചാക്ക് അടയ്ക്കയാണ് കർഷകരും വ്യാപാരികളും ലേലത്തിന് എത്തിച്ചത്. ആകെ 162500 കിലോ അടയ്ക്കയാണ് ലേലം നടത്തിയത്. അടക്കാ ലേലം രാത്രി ഏഴ് വരെ തുടർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വ്യാപാരികൾക്കും കർഷകർക്കും പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചാലിശേരിയിലെത്തിയിരുന്നു. വൻ തോതിൽ അടയ്ക്ക എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടുതൊഴിലാളികൾക്കും നല്ല പണി ലഭിച്ചു. ലേലത്തിനെത്തിയ എല്ലാവർക്കും ദീപാവലിയോടനുബന്ധിച്ച് മധുരവിതരണം നടത്തി. ഉച്ചഭക്ഷണവും നൽകി. ചാലിശ്ശേരി പഴയ അടയ്ക്ക മാർക്കറ്റിന്റെ രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡന്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.
കൊട്ടടയ്ക്ക കിലോയ്ക്ക് 405 രൂപ വരെ
1953 ൽ ആരംഭിച്ച ചാലിശ്ശേരി പഴയ അടയ്ക്ക കേന്ദ്രത്തിൽ കഴിഞ്ഞ വർഷമാണ് ദീപാവലി മുഹൂർത്തകച്ചവടം ആരംഭിച്ചത്. ഉത്തരേന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ദീപാവലി ദിവസത്തിലാണ് ആരംഭിക്കുന്നത്. മുഹൂർത്ത കച്ചവടത്തിന്റെ ഭാഗമായി കർഷകർക്ക് എ വൺ ഗ്രേഡ് കൊട്ടടയ്ക്ക കിലോയ്ക്ക് 405 രൂപ വരെ വില ലഭിച്ചു. ഗുണനിലവാരം കുറഞ്ഞ പട്ടോർ തരത്തിന് 330 രൂപവരെയും കോക്ക തരത്തിന് 175 രൂപവരെയും വിലയുണ്ടായി. മറ്റു രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അടയ്ക്ക ഇറക്കുമതി വ്യാപാരം തുടങ്ങിയതോടെ ഒരു വർഷമായി അടയ്ക്കവില കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ വർഷം ദീപാവലിക്ക് കർഷകർക്ക് ഒരു കിലോ അടയ്ക്കക്ക് 500 രൂപ വരെ വില ലഭിച്ചിരുന്നു. മാർക്കറ്റിൽ 228 ടൺ അടയ്ക്കയാണ് അന്നെത്തിയത്.