1
വെണ്ണിക്കുളം -ഇരവിപേരൂർ റോഡിൽ പുറമറ്റം കല്ലുപാലത്തെ അപകടകരമായ കൊടുംവളവ്.

മല്ലപ്പള്ളി: വെണ്ണിക്കുളം -ഇരവിപേരൂർ റോഡിൽ പുറമറ്റം കല്ലുപാലത്ത് തോടിന് വശത്തെ അപകടഭീതി ഒഴിയുന്നില്ല. 2022 ഓഗസ്റ്റ് 1 ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ട സംഭവം നടന്നിരുന്നു. ഭീതിയോടെയാണ് വാഹനയാത്രക്കാർ ഇതിലെ സഞ്ചരിക്കുന്നത്. രണ്ടു വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ വേണ്ട സുരക്ഷ ഒരുക്കിയിട്ടില്ലെന്ന പരാതി വ്യാപകമാണ്. പുറകിൽ നിന്നെത്തിയ വാഹനം കടന്നു പോകുന്നതിനായി റോഡിന്റെ ഓരത്തത്തെയ്ക്ക് മാറ്റിയ കാർ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൂവന്മല ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യയുടെ ശുശ്രൂഷകനും കുമളി ചക്കുപള്ളം ഏഴാംമൈലിൽ വരയന്നൂർ വീട്ടിൽ പാസ്റ്റർ വി.എം.ചാണ്ടി മക്കളായ ഫേബ.വി.ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. റോഡ് നവീകരണത്തിന് ശേഷം സുരക്ഷ ഒരുക്കുന്നതിൽ അധികൃതരുടെ നിസംഗത താലൂക്ക് വികസന സമിതിയിലടക്കം ചോദ്യം ചെയ്യപ്പെട്ടതോടെ മാസങ്ങൾ കഴിഞ്ഞ ശേഷമാണ് തോടിന്റെ വശത്തെ കുറച്ചിടങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ഇത് ഒച്ചാൽ അപകടസാദ്ധ്യതയുള്ള മറ്റ് ഇടങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ പ്രവർത്തികൾ നടത്തിയിട്ടില്ല. വളവിൽ തന്നെയുള്ള പാലം കടക്കുന്നത് അപകടഭീതിയോടെയാണ്. ക്രാഷ് ബാരിയർ കാണാത്ത വിധത്തിൽ കാട് പന്തലിച്ചിട്ടും കാട് നീക്കം ചെയ്യുവാൻ അധികൃതർ തയാറാകാത്തതാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്.റോഡ് നാലു വർഷങ്ങൾക്ക് മുൻപ് ഉന്നത നിലവാരത്തിലാക്കിയെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന യാത്രക്കാരുടെയും പ്രദേശവാസികളുടെയും പരാതി ഇപ്പോഴുമുണ്ട്.

......................

റാന്നി - വെണ്ണിക്കുളം - പുറമറ്റം- ഇരവിപേരൂർ റോഡിൽ എസ് ആകൃതിയിലുള്ള കല്ലുപാലത്തെ കൊടുംവളവ് അപകടമേഖലയാണ്. വർഷങ്ങൾക്ക് മുൻപ് ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ഉൾപ്പെടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.

(പ്രദേശവാസികൾ)

........................

1. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല

2. റോഡിന് വീതിയില്ല

3. വളവ് നിവർക്കുന്നതിന് നടപടി എടുത്തിട്ടില്ല

.......................

അപകടം നടന്നിട്ട് 2 വർഷം

മരിച്ചത് 3 പേർ