പന്തളം : എം.സി റോഡിൽ ചീറിപ്പായുന്ന വാഹനങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. രാവിലെയും വൈകുന്നേരവും സ്‌കൂളുകളുടെ മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
കുളനട മാന്തുക മുതൽ പറന്തൽ വരെ എം.സി.റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി സ്‌കൂളുകളുണ്ട്. രാവിലെ 8. മുതൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സൈക്കിളിലും കാൽനടയായും പോകുന്നത്. വൈകുന്നേരം സ്‌കൂൾ വിടുമ്പോൾ കൂട്ടമായാണ് വിദ്യാർത്ഥികൾ റോഡിലേക്കിറങ്ങുന്നത്. ഈ സമയം ബസുകളും ടിപ്പറുകളും മറ്റും ചീറിപ്പായുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗം കാരണം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മരണങ്ങൾക്ക് പുറമേ ഗുരുതര പരിക്കേറ്റ് കഴിയുന്നവരുമുണ്ട്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് റോഡരികിലെ വീടുകളിലേക്കും മതിലുകളിലേക്കും ഇടിച്ചുകയറുന്ന സംഭവങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച പുലർച്ചെ കുരമ്പാലയിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് മൂന്ന് അപകടമാണ് ഉണ്ടായത് .എം സി.റോഡ് പുനർനിർമ്മിച്ചതിനുശേഷമാണ് അപകടങ്ങൾ വർദ്ധിച്ചത്. ഹൈവേ പൊലീസ് പട്രോളിങ് നടത്തുന്നെങ്കിലും കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറഞ്ഞു. .രാത്രികാലങ്ങളിൽ തടി കയറ്റി വരുന്ന ലോറികളുടെ ബോഡി ഭാഗം തള്ളി പുറത്തേക്ക് തടി നിൽക്കുന്നത് സിഗ്‌നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ മറ്റ് യാത്രക്കാർക്ക് കാണാൻ കഴിയി ല്ല . ഇതും അപകടത്തിനിടയാക്കുന്നു .

നടപടി സ്വീകരിക്കാതെ അധികൃതർ

അപകടങ്ങൾ വർദ്ധിച്ചിട്ടും മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട് എം.സി റോഡിൽ വാഹന നിയന്ത്രണത്തിനായി ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ സേവനം ഉണ്ടെങ്കിലും പല സമയങ്ങളിൽ ഇവരും വിശ്രമത്തിലാണ്.

വേഗനിയന്ത്രണത്തിനായി മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പട്രോളിങ് സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്.
എം. എം. ജംഗ്ഷൻ- ​നൂറനാട് റോഡ്, പത്തനംതിട്ട ​- മാവേലിക്കര റോഡ് ,കുരമ്പാല-കീരുകുഴി റോഡ്, കുളനട-ഓമല്ലൂർ റോഡ് , കുളനട- ​ആറന്മുള റോഡ് എന്നിവിടങ്ങളിലും വാഹനങ്ങളുടെ അമിത വേഗം മൂലം അപകടം ഉണ്ടാകുന്നുണ്ട്., വേഗ നിയന്ത്രണത്തിന് മുന്നറിയിപ്പ് ബോർഡുകൾ പോലും മിക്ക റോഡുകളിലമില്ല.