 
"വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്...
ഈ നോട്ട്... ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്...
ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ..."
ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പ് കളറാകണമെങ്കിൽ ക്ളാസ് മേറ്റ്സ് സിനിമയിലെ ഇൗ പാട്ടിനും അപ്പുറം മറ്റൊന്നില്ലന്നാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വൈബ് പിള്ളേർ പറയുന്നത്. 17ന് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. ഒന്നാം വർഷക്കാർ ആദ്യ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലും.
പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് വ്യക്തമായ പ്ളാനോടെയാണ് വിദ്യാർത്ഥികൾ കോളേജ് ദിനങ്ങൾ ചെലവിടുന്നത്.
കാലം മാറിയെന്നും കോളേജ് ജീവിതം കഴിഞ്ഞാലുടൻ 24-ാം വയസിലെങ്കിലും സെറ്റിലാവാനുള്ള ശ്രമം ഇന്നുണ്ടെന്ന് ബി.സി.എ മൂന്നാംവർഷ വിദ്യാർത്ഥിയായ റൂഫസ് പറയുന്നു. മുമ്പ് ഡിഗ്രി കഴിഞ്ഞും ചുറ്റിനടക്കുന്ന പല ചേട്ടൻമാരും സെറ്റിൽഡ് ആകുന്നത് മുപ്പത് വയസിലൊക്കെയാണെന്നാണ് പിള്ളേർ സെറ്റിന്റെ അഭിപ്രായം. ഫോണിൽ കുമ്പിട്ടിരിക്കുന്ന ജനറേഷനാണെന്ന ആക്ഷേപങ്ങളെ വലിച്ചെറിഞ്ഞ് സ്പോർട്സും കലയും രാഷ്ട്രീയവും സിനിമയുമെല്ലാം ന്യൂജെൻ കാമ്പസ് ചർച്ച ചെയ്യുന്നു. ഇപ്പോൾ കുറ്റം പറയുന്നവരുടെ കലാലയ കാലത്തേക്ക് കാമ്പസ് പല കാര്യങ്ങളിലും തിരികെ സഞ്ചരിക്കുകയാണെന്നാണ് പി.ജി വിദ്യാർത്ഥി നിതിന്റെ കമന്റ്. ഡിഗ്രി നാല് വർഷമാക്കിയതിനാൽ ജോലിക്കാര്യത്തിൽ ആശങ്ക ഇല്ലാതില്ലെന്ന് ഡിഗ്രി എക്കണോമിക്സ് വിദ്യാർത്ഥിനി ആദിത്യയും പി.ജി വിദ്യാർത്ഥി ക്രിസ്റ്റോയും പറയുന്നു. കളിയും സൗഹൃദവും തിരഞ്ഞെടുപ്പുമെല്ലാമായി കലാലയ ജീവിതം കളറാക്കുകയാണ് കാതോലിക്കേറ്റ് കോളേജിലെ വിദ്യാർത്ഥികൾ.
ഇന്നത്തെ കാമ്പസിൽ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം. വേഷത്തിലും ശൈലിയിലുമെല്ലാം അത് കാണാനാകും. മുമ്പത്തെ വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ കാണാൻ എത്താറുണ്ട്. അതൊക്കെ ഒരു അനുഭവമാണ്.
ഡോ.എം.എസ് സുനിൽ
(കാതോലിക്കേറ്റ് കോളേജ് റിട്ട. അദ്ധ്യാപിക)