 
കോടുകുളഞ്ഞി : തെരവുനായ്ക്കളും കാട്ടുപന്നികളും പെരുമ്പാമ്പും താവളമാക്കിയ കാട്ടിലൂടെ വേണം വെണ്മണി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 67-ാം നമ്പർ അങ്കണവാടിയിലെത്താൻ. പത്തിലേറെ കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.
ആൽത്തറ-ഗുരുക്ഷേത്രം റോഡിൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനോട് ചേർന്നുള്ള ചെറിയ സ്‌റ്റേഡിയത്തിലാണ് അങ്കണവാടി കെട്ടിടം . മാസങ്ങൾക്ക് മുമ്പ് ഇവിടം കാടുമൂടി തെരുവുനായ്ക്കളുടെ താവളമായപ്പോൾ കോടുകുളഞ്ഞി കരോട് എസ്.എൻ.ഡി.പി ശാഖാ യോഗം ഭാരവാഹികളും പ്രവർത്തകരും യൂത്ത് മൂവ്‌മെന്റ് അംഗങ്ങളും ചേർന്നാണ് കാട് വെട്ടിത്തെളിച്ചത്. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് വീണ്ടും വലിയ തോതിൽ കാട് വളർന്നു. കാടിന്റെ ഒരുഭാഗം തെരുവുനായ്ക്കളും മറ്റൊരു ഭാഗം കാട്ടു പന്നികളും താവളമാക്കി. വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. അങ്കണവാടിയിലേക്ക് കയറുന്ന ഭാഗത്താണ് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇത് നിറഞ്ഞ് കവിഞ്ഞത് കുട്ടികൾക്ക് കൂടുതൽ ദുരിതമായിട്ടുണ്ട്.
കാടുവളർന്ന് ക്ഷുദ്രജീവികൾ പെരുകിയതോടെ കുട്ടികളെ മുറിക്ക് പുറത്തിറക്കി കളിപ്പിക്കുന്നതിനോ വാതിലുകൾ തുറന്നിടുന്നതിനോ ജീവനക്കാർക്ക് ഭയമാണ്.
---------------------
കാടു വളർന്നതിനാൽ കുട്ടികൾക്ക് അങ്കണവാടിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ശരിയായ പഠനത്തേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അടിയന്തര പരിഹാരം കാണണം.
പ്രിയദർശൻ
സെക്രട്ടറി
എസ്.എൻ.ഡി.പി.യോഗം
1556-ാം നമ്പർ ശാഖ.