ചെങ്ങന്നൂർ.ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള റോഡിൽ വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാൻ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗം തീരുമാനിച്ചു. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, വണ്ടിമല ദേവസ്ഥാനം, മഹാദേവ ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണത്തിനായി അഞ്ചു ടാപ്പുകൾ വീതം സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവ് കൈകാര്യം ചെയ്യുന്നതിനായി പകുതി തുക കണ്ടെത്താൻ ചെങ്ങന്നൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകി.
കെ.എസ്.ആർ.ടി.സി കൂടുതൽ പമ്പ സർവീസുകൾ നടത്തും.മണ്ഡലപൂജയ്ക്ക് 50 ബസും മകരവിളക്കിന് 20 ബസും അധികമായി സജ്ജീകരിക്കും.
തീർത്ഥാടകർക്ക് ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ശബരിമല ഇടത്താവളം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എയ്ഡ് പോസ്റ്റ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നീ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിപ്പിക്കണം. ആറു കിടക്കകളോടുകൂടിയ വാർഡ് ജില്ല ആശുപത്രിയിൽ സജ്ജമാക്കും. പാണ്ടനാട് എച്ച്.എസിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധനകൾ നടത്തണം. ആലപ്പുഴ വെക്ടർ കൺട്രോൾ യൂണിറ്റുമായി ചേർന്ന് ഉറവിടനശീകരണ പ്രവർത്തനങ്ങൾ, സ്‌പ്രേയിങ് ഫോഗിങ് എന്നിവ നടത്തണം. തീർത്ഥാടന കാലത്ത് ആവശ്യമായ മരുന്നുകൾ, ബ്ലീച്ചിംഗ് പൗഡർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തണം.
ആറാട്ടുകടവിലെ ചെളി നീക്കംചെയ്യണം
ആറാട്ടുകടവിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യണം. ആരോഗ്യ ബോധവത്കണം നടത്തുന്നതിനായി വിവിധ ഭാഷകളിൽ സന്ദേശം ഉൾകൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷൻ പരിസരം സമയബന്ധിതമായി വൃത്തിയാക്കണം. ശൗചാലയങ്ങൾ പ്രവർത്തനസജ്ജമാക്കണം.മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ റേറ്റ് ചാർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കണം. മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പ്രകാശതീവ്രതയുള്ള ബൾബുകൾ സ്ഥാപിക്കണം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹോട്ടലുകൾ, ബേക്കറികൾ മുതലായ സ്ഥാപനങ്ങളിൽ ഇടവിട്ട വേളകളിൽ പരിശോധന നടത്താൻ ഫുഡ് സേഫ്റ്റി വിഭാഗത്തിന് നിർദ്ദേശം നൽകി. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം ജി സുന്ദരേശൻ, മുനിസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗ്ഗീസ്, ചെങ്ങന്നൂർ ആർഡിഒ ജെ മോബി എന്നിവർ സംസാരിച്ചു.