ഇലന്തൂർ (പത്തനംതിട്ട): ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് അന്ത്യം സംഭവിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കാത്തിരിപ്പിന് വിരാമമായി.

ചണ്ഡീഗഡിലെ കരസേന ബേസ് ക്യാമ്പിൽ എത്തിച്ച മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലേക്ക് കൊണ്ടുവരുമെന്ന

വിവരം തിങ്കളാഴ്ച ബന്ധുക്കൾക്ക് ലഭിച്ചതോടെ ഒടാലിൽ വീട്ടിലേക്ക് ജനപ്രവാഹമായി. ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തും.

ഇലന്തൂർ കാരയ്ക്കാട്ട് ഒടാലിൽ വീട്ടിൽ തോമസ് ചെറിയാൻ ട്രെയിനിംഗ് പൂർത്തിയാക്കി ആദ്യ പോസ്റ്റിംഗ് സ്ഥലമായ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22-ാം വയസിലാണ് ദുരന്തത്തിന് ഇരയായത്.

1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താേംഗ് പാസിൽ വച്ച് 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒൻപതുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ.മഞ്ഞിനടിയിൽ പൂണ്ട മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.

കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിലാണ് തോമസ് ചെറിയാൻ, ആർമി മെഡിക്കൽ കോർപ്സിലെ ശിപായി ഉത്തരാഖണ്ഡ് സ്വദേശി നാരായൺ സിംഗ്, പയനിയർ യൂണിറ്റിലെ മൽഖാൻ സിംഗ് എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്.

കരസേന ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ക്രാഫ്റ്റ്മാനായിരുന്നു തോമസ് . പതിനെട്ടം വയസിൽ സൈന്യത്തിൽ ചേർന്നു. പോസ്റ്റിംഗ് സ്ഥലമായ ലേയിലേക്ക് പോകുന്നുവെന്ന തോമസിന്റെ കത്ത് വീട്ടിൽ ലഭിച്ചതിന്റെ പിറ്റേന്നായിരുന്നു ദുരന്തം.

സഹോദരങ്ങളായ തോമസ് തോമസും തോമസ് വറുഗീസും സഹോദരി മേരി തോമസുമാണ് ഇപ്പോഴുള്ള അടുത്ത ബന്ധുക്കൾ. കരസേനയിലായിരുന്ന മൂത്ത സഹോദരൻ തോമസ് മാത്യു, തോമസ് ചെറിയാന്റെ അപകടത്തോടെ ജോലി മതിയാക്കി നാട്ടിലെത്തി. കുറച്ചുകാലം വനപാലകനായി. പിന്നീട് ഹൃദയാഘാതം മൂലം മരിച്ചു.