പ്രമാടം : ബസുകളുടെ അഭാവത്തെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിലെ വി. കോട്ടയം നിവാസികൾ നടന്നുവലയുന്നു. കൊവിഡ് കാലത്ത് നിറുത്തലാക്കിയ ഭൂരിഭാഗം ബസ് സർവീസുകളും പുനരാരംഭിച്ചിട്ടില്ല. ഇളപ്പുപാറ, കൈതക്കര, അന്തിച്ചന്ത പ്രദേശങ്ങളിലുള്ളവരാണ് ഇതുമൂലം താലൂക്ക് ആസ്ഥാനമായ കോന്നിയിലും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലും എത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. രാവിലെ അടൂരിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന സ്വകാര്യബസ് ഒരു ട്രിപ്പ് കൊണ്ട് സർവീസ് അവസാനിപ്പിക്കും. കുമ്മണ്ണൂർ - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മണിക്കൂറുകളുടെ ഇടവേളകളിലാണ് കോന്നിയിൽ എത്തുന്നത്. മിക്ക ഞായറാഴ്ചകളിലും ഈ സർവീസ് നടത്താറുമില്ല. കോന്നിയിൽ നിന്ന് പത്തനംതിട്ട, വി.കോട്ടയം വഴി ചെയിൻ സർവീസുകൾ തുടങ്ങിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഇടസമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭിക്കാറില്ല. യഥാസമയം ബസ് ലഭിക്കാത്തതിനാൽ രോഗികളും ദുരിതത്തിലാണ്. പ്രദേശവാസികൾ കോന്നി മെഡിക്കൽ കോളേജ്, കോന്നി താലൂക്ക് ആശുപത്രി,പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വി. കോട്ടയത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ വിദഗ്ദ്ധ ചികിത്സ ലഭ്യമല്ല. ആശുപത്രികളിൽ എത്താൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം.