ഇലന്തൂർ : തോമസ് ചെറിയാൻ വിമാന അപകടത്തിൽ പെടുമ്പോൾ ഇളയ സഹോദരി മേരി തോമസിന് 12 വയസായിരുന്നു. അന്നത്തെ ഓർമകൾ ഇപ്പോഴും അവർക്കുണ്ട്. ടെലിഫോൺ ഇല്ലാതിരുന്ന കാലത്ത് സൈന്യത്തിൽ നിന്നെത്തിയ ഒരു ടെലിഗ്രാം സന്ദേശത്തിലൂടെയാണ് സഹോദരൻ അപകടത്തിൽപെട്ടുവെന്ന വിവരം അറിയുന്നത്. '' ജീവനോടെ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പിന്നീടുള്ള കത്തിടപാടുകളിലും വാർത്തകളിലും അപകടത്തിന്റെ രൂക്ഷത മനസിലായപ്പോൾ വീട്ടിൽ കൂട്ടക്കരച്ചിലായി. ഏറെ ദിവസങ്ങൾ ഞങ്ങൾ വിഷമിച്ച് കഴിഞ്ഞു. സഹോദരന്റെ മൃതദേഹമെങ്കിലും ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഇലന്തൂർ കാരൂർ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെന്നായിരുന്നു ആഗ്രഹം.
ഇതിനായി പിതാവ് ഒട്ടേറെ കത്തിടപാടുകൾ നടത്തി. പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹത്തിന് നാട്ടിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി പലശ്രമങ്ങളും നടത്തി. ഇടയ്‌ക്കൊക്കെ സൈന്യത്തിൽ നിന്ന് മറുപടിക്കത്തുകൾ വരുമായിരുന്നു. 1990ൽ പിതാവ് മരിക്കുന്നതുവരെ ഇത് തുടർന്നു. സഹോദരന്റെ പെൻഷൻ അമ്മയ്ക്ക് മുടങ്ങാതെ ലഭിച്ചുവന്നു. 1998ൽ അമ്മ മരിക്കുന്നതുവരെ ഇതു ലഭ്യമായി. സഹോദരന്റെ മൃതദേഹം കണ്ടെത്തിയതിലും നാട്ടിൽ എത്തിക്കാൻ കഴിയുമെന്നതിലും ആശ്വാസമുണ്ടെന്ന് മേരി തോമസ് പറഞ്ഞു. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് മേരി താമസിക്കുന്നത്.
അവസാനം കണ്ടത് റെയിൽവേ സ്റ്റേഷനിൽ
തോമസ് ചെറിയാന്റെ അനുജനാണ് തോമസ് തോമസ്. '' ഹരിയാനയിലെ ബി.എച്ച്.ഇ.എൽ കമ്പനിയിലെ ജോലി സ്ഥലത്തേക്ക് പോകാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തന്നെ യാത്രയാക്കാനെത്തിയ തോമസ് ചെറിയാനെ പിന്നീട് കണ്ടിട്ടില്ല. അവധിക്ക് നാട്ടിലെത്തിയപ്പോഴുളള ഇൗ കൂടിക്കാഴ്ച അവസാനത്തേതായിരുന്നു. ചെറിയാൻ യാത്ര ചെയ്ത വിമാനം അപകടത്തിൽ പെട്ടപ്പോൾ ആശങ്കയായി. ജീവനോടെ കിട്ടണമെന്ന പ്രാർത്ഥന വിഫലമായി. ജേഷ്ഠ സഹോദരൻ തോമസ് മാത്യു സൈന്യത്തിൽ ചേർന്നത് തോമസ് ചെറിയാന് വലിയ പ്രേരണയായിരുന്നു. സാഹസികത ഇഷ്ടപ്പെട്ട അവൻ പഠനത്തിൽ മിടുക്കനും ശാന്തനുമായിരുന്നു ''- തോമസ് തോമസ് പറഞ്ഞു.
തോമസ് ചെറിയാൻ സൈനിക സേവനത്തിന് പോകുമ്പോൾ തനിക്ക് എട്ടുവയസായിരുന്നുവെന്ന് ഇളയ സഹോദരൻ തോമസ് വറുഗീസ് പറഞ്ഞു.
മാൻകുഴി തോട്ടിൽ ചാടിക്കുളിച്ചകാലം
ഇലന്തൂർ : തോമസ് ചെറിയാനുമൊത്ത് വീടിനടുത്തെ മാൻകുഴി തോട്ടിൽ ചാടിക്കുളിച്ച കാലമാണ് ഉറ്റസുഹൃത്തായ തോമസ് വറുഗീസ് എന്ന ബേബിക്കുട്ടിയുടെ ഒാർമ്മയിൽ.
എയർഫോഴ്സിൽ നിന്ന് വിരമിച്ച ബേബിക്കുട്ടി തിരുവനന്തപുരം ചാക്കയിലാണ് ഇപ്പോൾ താമസം. 1960 കാലത്ത് നാട്ടിലുള്ള ചെറുപ്പക്കാർ ഒത്തുകൂടുമായിരുന്നു വിവിധയിനം കളികളുമായി. എല്ലാംകഴിഞ്ഞ് സമീപത്തെ മാൻകുഴി തോട്ടിലേക്ക് ഒരു ചാട്ടം. കുറേ മണിക്കൂറുകൾ അവിടെ ചെലവഴിക്കുമായിരുന്നു.
'എന്നെക്കാൾ രണ്ടുവയസു മൂത്തയാളാണ് തോമസ് ചെറിയാൻ. ഞങ്ങളൊരുമിച്ചായിരുന്നു നടപ്പ്. തോമസിന്റെ വീടിനു മുന്നിലെ ചാരുകസേരയിലിരുന്ന് നാട്ടുകാര്യങ്ങൾ പറയും. അന്നത്തെ കാലത്ത് ഇലന്തൂരിൽ നിന്ന് ഒരുപാട് ചെറുപ്പക്കാർ സൈന്യത്തിൽ ചേർന്നിട്ടുണ്ട്.
തോമസ് ചെറിയാനും ഞാനും സൈന്യത്തിൽ ചേർന്നതിനുശേഷം നാട്ടിലെത്തിയപ്പോൾ ഒരു തവണ കണ്ടു. ഞാൻ സൈന്യത്തിൽ ചേരുന്ന സമയം തോമസിന്റെ അമ്മ വീട്ടിൽ വന്നു, അവൻ അയച്ചതാണെന്നു പറഞ്ഞ് ഒരു തുക കൈയിൽ തന്നു. ബാംഗളൂരുവിൽ വെച്ച് വിമാനാപകടവാർത്ത അറിഞ്ഞപ്പോൾ ഹൃദയം തകരുന്ന വേദനയായിരുന്നു. പൊന്നച്ചനൊപ്പം ഓർമയിൽ തെളിയുന്നതാണിതൊക്കെ.
' പൊന്നച്ചനെ (തോമസ് ചെറിയാനെ) ഇലന്തൂരിൽ കൊണ്ടുവരുമ്പോൾ താൻ അവിടെയത്തുമെന്ന് ബേബിക്കുട്ടി പറഞ്ഞു.