jawan

തിരുവല്ല : വൻതോതിൽ വിറ്റഴിയുന്ന ജവാൻ മദ്യനിർമ്മാണം പ്രതിസന്ധിയിലാക്കിക്കൊണ്ട് പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിൽ ചുമട്ടുതൊഴിലാളി ക്ഷാമം അതിരൂക്ഷമായി. ഫാക്ടറിയിലെ സാധനസാമഗ്രികളുടെയും അസംസ്കൃത വസ്തുക്കളുടെയും കയറ്റിറക്ക് ജോലികൾ ചെയ്യാൻ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്ത സാഹചര്യമാണുള്ളത്. വർഷങ്ങളായി 14 ചുമട്ടുതൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതിൽ 10 പേർ മാത്രമാകും മിക്കപ്പോഴും ജോലിക്ക് എത്തുക. തൊഴിലാളികളുടെ എണ്ണം 25 ആയി ഉയർത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ സർക്കാരിലേക്ക് ആവശ്യം ഉന്നയിച്ചെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല.

തൊഴിലാളികൾ കുറവ് , കുറഞ്ഞ സമയക്രമം

അബ്‌കാരി ചട്ടപ്രകാരം രാവിലെ 8 മുതൽ അഞ്ചു വരെയാണ് ഫാക്ടറിയുടെ പ്രവർത്തനം. ഈ സമയത്ത് മാത്രമാണ് ഫാക്ടറിയിലെ കയറ്റിറക്ക് ജോലികൾ നടക്കുന്നത്. ഈ സമയക്രമത്തിനുള്ളിൽ ഇത്രയധികം ലോഡുകൾ കയറ്റാനും ഇറക്കാനും കഴിയുന്നില്ല. പുതിയ ബെൽറ്റുകൾകൂടി സ്ഥാപിച്ചതോടെ ഒരുദിവസം 15,000 കെയ്സ് വരെ പരമാവധി മദ്യം ഉത്പാദിപ്പിക്കാനാകും. നാലുമാസം മുമ്പാണ് തൊഴിലാളികളുടെ കൂലി ഇരട്ടിയിലേറെ വർദ്ധിപ്പിച്ചത്.

ഡിമാന്റ് ഏറിയിട്ടം ഉൽപ്പാദനം കൂടിയില്ല

ഡിമാന്റ് ഏറെയുണ്ടെങ്കിലും തൊഴിലാളിക്ഷാമം കാരണം ഉൽപ്പാദനം കൂട്ടാനാകാത്ത സ്ഥിതിയാണ്. ആവശ്യമായതിന്റെ 20 ശതമാനം മാത്രമേ ഇപ്പോൾ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. ദിവസവും 12,000 ലിറ്റർ ഉൽപ്പാദനം നടക്കണമെങ്കിൽ 1,25,000 ബോട്ടിൽ വേണം. ഇത്രയധികം കുപ്പികൾ പായ്ക്ക് ചെയ്ത കെയ്‌സുകൾ വാഹനത്തിൽ കയറ്റാനും ഇറക്കാനുമെല്ലാം ആവശ്യത്തിന് തൊഴിലാളികളില്ല. ഇപ്പോൾ ദിവസവും കുറഞ്ഞത് 17 ലോഡ് മദ്യം ഇവിടെ നിന്ന് കയറ്റി അയയ്ക്കണം. അതേപോലെ 40,000 മദ്യക്കുപ്പികളാണ് വലിയ ട്രക്കിൽ ഇവിടേക്ക് എത്തിച്ചേരുന്നത്. അത് ഇറക്കി കഴിഞ്ഞാലേ വീണ്ടും അടുത്ത ലോഡ് എത്തുകയുള്ളൂ. മദ്യം പായ്ക്കിംഗ് ചെയ്യാൻ 12,000 കാർട്ടൻ എത്തുന്നുണ്ട്. അതും ഇറക്കിവയ്ക്കാൻ തൊഴിലാളികൾ വേണം. തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നാണ് തൊഴിലാളികളെ സർക്കാർ അനുവദിക്കുന്നത്.

ചുമട്ടുതൊഴിലാളികളുടെ എണ്ണം : 14

ഡ്യൂട്ടിയിൽ ഉണ്ടാകുന്നവർ : 10

ആവശ്യമുള്ള തൊഴിലാളികൾ : 25

ഒരു ദിവസത്തെ മദ്യ ഉൽപ്പാദനം

മുമ്പ് : 8,000 കെയ്സ്

ഇപ്പോൾ : 12,000 കെയ്‌സ്