പത്തനംതിട്ട: ശബരിമല വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് പത്രപ്രവർത്തകർക്ക് മാത്രം അനുമതി നൽകിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നേരിട്ട് ശബരിമലയിലെത്തുന്ന റിപ്പോർട്ടർമാർക്ക് താത്കാലിക അക്രഡിറ്റേഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളും അക്രഡിറ്റഡ് ലേഖകരെ നിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിംഗിന് എത്തുന്ന ലേഖകർക്ക് ദേവസ്വം ബോർഡ് അക്രഡിറ്റേഷൻ നൽകുന്നതാണ് ഉചിതം. ഈ വിഷയത്തിൽ കോടതിയിൽ നടക്കുന്ന കേസിൽ മാദ്ധ്യമ മാനേജ്‌മെന്റുകൾ കക്ഷി ചേരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജി. വിശാഖൻ, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു, ട്രഷറർ എസ്. ഷാജഹാൻ, കമ്മിറ്റി അംഗങ്ങളായ എസ്. പ്രദീപ്, ഐസൺ തോമസ്, അലീന മരിയ അഗസ്റ്റിൻ, ആർ. സുമേഷ് കുമാർ, സജിത്ത് പരമേശ്വരൻ, എ. ബിജു എന്നിവർ സംസാരിച്ചു.