road-

റാന്നി : നിർമ്മാണത്തിലെ അപാകതകളെ തുടർന്ന് തകർന്ന ജണ്ടായിക്കൽ - അത്തിക്കയം റോഡ് വീണ്ടും ടാർ ചെയ്യുന്നു. പ്രശ്നബാധിതമായി കണ്ടെത്തിയ ഭാഗങ്ങളിലെ ടാറിംഗ് പൂർണമായും ഇളക്കി മാറ്റിയശേഷം വീണ്ടും ടാറിംഗ് നടത്തും. നിർമ്മാണത്തിലെ അപാകത വിജിലൻസ് അന്വേഷിച്ചു പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോടും പൊതുമരാമത്ത് വകുപ്പ് എൻജിനീയറോടും അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. കൂടാതെ റോഡുപണിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മരാമത്ത് റോഡ് വിഭാഗം ഓഫീസിന്റെ മുൻപിൽ പ്രതിഷേധ ധർണ്ണയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റോഡ് പണി വീണ്ടും പുനരാരംഭിച്ചത്. തകർച്ചയിലായ ഭാഗങ്ങളിലെ ടാറിംഗ് ജെ.സി.ബി ഉയോഗിച്ചു ഇളക്കുന്ന ജോലികളാണ് നടന്നുവരുന്നത്. റോഡുപണിയിൽ അപാകത സംഭവിച്ചെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയും പരാതിയുമായി മന്ത്രിയെ സമീപിക്കുകയായിരുന്നു. പൊതുമരാമത്ത് ക്വാളിറ്റി വിഭാഗവും പരിശോധന നടത്തിയിരുന്നു.

ടാറിംഗിന് പിന്നാലെ ഇളകി

ജണ്ടായിക്കൽ - വലിയകുളം - അത്തിക്കയം റോഡ് മാസങ്ങൾക്ക് മുമ്പാണ് ടാർ ചെയ്തത്. എന്നാൽ പണി കഴിഞ്ഞ അതേദിവസം മുതൽ റോഡിന്റെ പലഭാഗവും ഇളകി തുടങ്ങി. കാലൊന്ന് അമർത്തിച്ചവിട്ടിയാലോ ബൈക്ക് സ്റ്റാൻഡിൽ വച്ചാലോ റോഡ് താഴ്ന്നു പോകുന്ന അവസ്ഥ. നിർമ്മാണത്തിലെ അപാകതയ്ക്കൊപ്പം അഴിമതിയും ഇതോടെ ചർച്ചയായി. പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് ഇപ്പോൾ റോഡിന്റെ പുനർനിർമ്മാണത്തിന് വഴിയൊരുങ്ങിയത്.

റോഡിന്റെ നീളം : 8.35 കി.മീ

പദ്ധതിച്ചെലവ് : 4 കോടി

നിർമ്മാണ സമയത്ത് തന്നെ അശാസ്ത്രീയതയും അഴിമതിയും ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

പ്രശാന്ത് (പ്രദേശവാസി )