1
മല്ലപ്പള്ളി - പുല്ലുകുത്തി - നൂറോന്മാവ് റോഡ് തകർന്ന് മെറ്റലുകൾ ഇളകിയ നിലയിൽ

മല്ലപ്പള്ളി: മല്ലപ്പള്ളി - പുല്ലുകുത്തി - നൂറോന്മാവ് റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. മാസങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ മെറ്റിൽ നിരത്തിയെങ്കിലും പിന്നീട് പണികളൊന്നും നടത്തിയിട്ടില്ല. റോഡിൽ മിക്കയിടത്തും മെറ്റൽ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പുല്ലുകുത്തി കവലയ്ക്ക് സമീപം റോഡ് തോടിന് സമാനമാണ്. റോഡിന്റെ വിവിധയിടങ്ങളിൽ പൈപ്പ് അറ്റകുറ്റപ്പണിക്കായി എടുത്ത കുഴികൾ പ്രവർത്തികൾക്ക് ശേഷം മൂടാത്തതും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകട ഭീതിയിലാണ് യാത്ര. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും തകർന്നു നാശോന്മുഖമായി കിടക്കുന്ന റോഡിൽകൂടി പോകുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്നാണ് ഉടമകളുടെ പരാതി. റോഡിന്റെ തുടക്കഭാഗത്ത് മാത്രമാണ് അൽപ്പ‌മെങ്കിലും ഗതാഗത യോഗ്യമായിട്ടുള്ളത്.

പഞ്ചായത്തിലെ പ്രധാന റോഡ്

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ശുദ്ധജല പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴികളാണ് അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദിനംപ്രതി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡാണിത്. പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തികൾ മാസങ്ങൾക്ക് മുൻപ് കഴിഞ്ഞിട്ടും റോഡ് പുനരുദ്ധാരണം നടത്താതെ കിടക്കുന്നതിനാൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്കിടയിലുള്ളത്.

..................................

മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന വികസനമായ യാത്രാ സൗകര്യങ്ങൾ പോലും ഇവിടെ ഇല്ലാതായിരിക്കുന്നു. അവശ്യ സർവീസുകളായ ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. സാന്ത്വന പരിചരണ രോഗികളുമായി ജനങ്ങൾ ഏറെ ബുദ്ധിമുട്ടി പോകേണ്ട ഗതികേടിലാണ്. റോഡിന്റെ നവീകരണ പ്രവർത്തികൾ അടിയന്തരമായി ആരംഭിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണം.

ശ്രീധരൻ

ശാന്തിഭവനം

പ്രദേശവാസി

1. പ്രതിഷേധത്തിൽ നാട്ടുകാർ

2 ബസ് ഉടമകൾക്കും പരാതി