ചെങ്ങന്നൂർ :മുളക്കുഴ പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും തരിശുഭൂമി വൃത്തിയാക്കി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉദ്ഘാടനവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 12-ാം വാർഡിൽ താഴം ഭാഗത്ത് ജനത പ്രസിനു സമീപം കാടുപിടിച്ച് കിടന്നിരുന്ന കൃഷിഭൂമി വൃത്തിയാക്കി കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദനും വൈസ് പ്രസിഡന്റ് രമാ മോഹനും നിർവഹിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഭൂമി തരിശു രഹിതമാക്കി കൃഷി വ്യാപിപ്പിക്കുന്നതിനു ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിക്കുന്നത്. ജനപ്രതിനിധികളായ കെ.സി .ബിജോയ് ടി.അനു, മഞ്ജു ,മായ എന്നിവർ സംസാരിച്ചു .പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക തൊഴിലുറപ്പ് ഗ്രാമസഭ കൂടി ഗാന്ധി ജയന്തി ദിനാചരണവും പൊതു ഇടങ്ങളിലെ ശുചീകരണവും നടത്തി.