 
കോന്നി: പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റിലെ ടാങ്കിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ ടോയ്ലെറ്രിന്റെ സെപ്റ്റിംക് ടാങ്കിൽ നിന്നാണ് മലിന ജലം ബസ് സ്റ്റാൻഡിനുള്ളിലേക്ക് ഒഴുകുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് പ്രവർത്തിക്കുന്നത്. ഇവിടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴെ നിലയിൽ ഇടതുഭാഗത്തായാണ് പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഒരു വർഷത്തിലേറെയായി ടോയ്ലെറ്റിലെ മാലിന്യം നിറഞ്ഞ് മലിനജലം താഴ്ഭാഗത്തെ റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്. കംഫർട്ട് സ്റ്റേഷനോട് ചേർന്ന് ചായക്കടയും, ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം കാരണം കടക്കാരും, ഇവിടെ എത്തുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. ടോയ്ലെറ്റിലെ മാലിന്യം ചവിട്ടി മാത്രമേ ഇവിടെ നിന്നും ബസ് യാത്ര സാദ്ധ്യമാകൂ. നൂറ് കണക്കിന് വിദ്യാർത്ഥികളും, യാത്രക്കാരും ഇവിടെ എത്തുന്നുണ്ട്. നിരവധി പരാതികൾ ഉയർന്നിട്ടും പ്രശ്നം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.