daily

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ കോഴഞ്ചേരി ടൗണിലെ സ്മാരകത്തിന്റെ നവീകരണം പൂർത്തിയായി. അലങ്കാരത്തിനായി ചെടികൾ വച്ചു പിടിപ്പിക്കുകയാണ് ഇപ്പോൾ. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയാണ് അധികൃതർ.

2023 മാർച്ചിലാണ് സി.കേശവൻ സ്ക്വയറിന്റെ നവീകരണം തുടങ്ങിയത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിനായിരുന്നു മേൽനോട്ട ചുമതല. നവീകരിച്ച വെങ്കല പ്രതിമ സ്മാരക സ്‌ക്വയറിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിമ സംരക്ഷിക്കുന്നതിനുള്ള മേൽക്കൂരയും പണിതിട്ടുണ്ട്. ചുറ്റുമതിലും നിർമ്മിച്ചു.

സി.കേശവന്റെ പേരിൽ ചരിത്ര മ്യൂസിയമൊരുക്കാൻ

പദ്ധതിയുണ്ടായിരുന്നെങ്കിലും തുടർനടപടി ആയിട്ടില്ല.

നവീകരണത്തിന് ചെലവിട്ടത് : 20 ലക്ഷം.

നടപ്പാത, വാട്ടർ ടാങ്ക്, ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു.

നവീകരണംപൂർത്തിയായി​. അലങ്കാരത്തിനുള്ള ചെടികൾ കൂടി​യെത്താനുണ്ട്. വേഗത്തിൽ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.

മോഹൻ ബാബു

എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ്

സി.കേശവൻ സ്ക്വയറിന്റെ നിർമ്മാണം പൂർത്തിയായി. പോളിഷിംഗ് വർക്കുകൾ നടക്കാനുണ്ട്. ചെടികൾ വച്ചാൽ പൂർണമാകും.

പി.ഡബ്ല്യൂ.ഡി അധികൃതർ

ചരിത്രപ്രസിദ്ധമായ പ്രസംഗം

1935 മേയ് 11ന് അന്നത്തെ ദിവാൻ സർ സി.പിക്കെതിരെ സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ആരാധനാ സ്വാതന്ത്ര്യവും വോട്ടവകാശവും സർക്കാർ ജോലിയും ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിഷേധിച്ചതിനെതിരെയാണ് കോഴഞ്ചേരി പ്രസംഗത്തിലൂടെ സി.കേശവൻ ആഞ്ഞടിച്ചത്. ദിവാനെതിരെ ശബ്ദം ഉയർത്തിയതിന് അദ്ദേഹത്തെ ജയിലിലടച്ചു.