ഇലന്തൂർ:
ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് മരണപ്പെട്ട പത്തനംതിട്ട ഇലന്തൂർ ഒടാലിൽ വീട്ടിൽ തോമസ് ചെറിയാന്റെ (പൊന്നച്ചൻ) മൃതദേഹം ഇന്ന് നാട് ഏറ്റുവാങ്ങും. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈനിക ആംബലുൻസിൽ എത്തിക്കുന്ന മൃതദേഹം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് വിലാപയാത്രയായി ഒടാലിൽ വീട്ടിലേക്ക് കൊണ്ടുവരും. 12.15ന് വീട്ടിലെ സംസ്‌കാര ശുശ്രൂഷ കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ നടക്കും.
12.40ന് കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. രണ്ട് വരെ പൊതുദർശനം. തുടർന്ന് അന്ത്യശുശ്രൂഷയ്ക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ.എബ്രഹാം മാർ സെറാഫിം കാർമ്മികത്വം വഹിക്കും. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും.