തിരുവല്ല : ത്രിപുരയിൽ നിന്ന് തങ്ങളുടെ കുഞ്ഞിന്റെ മുച്ചിറിക്ക് ചികിത്സതേടി ചെന്നൈയിൽ എത്തിയ പ്രണബ് ദേബ്‌നാഥിനും ഭാര്യ മൗമിതാ സർക്കാരിനും ഡോക്ടറുടെ അപ്പോയിന്റ്മെന്റ് കിട്ടിയത് ഒരു വർഷത്തിന് ശേഷമുള്ള തീയതി. നിരാശയോടെ മറ്റൊരു മികച്ച ആശുപത്രിക്കായി ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയെക്കുറിച്ച് അറിയുന്നത്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അവർ ഒരാഴ്ചക്ക് ശേഷം കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവുമായാണ് ത്രിപുരക്ക് മടങ്ങിയത്. മുഖസൗന്ദര്യ ശസ്ത്രക്രിയയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി പുതിയ മുഖം തുറന്നതോടെ മാക്സിലോഫേഷ്യൽ സർജറിയിലെ ഉന്നത നിലവാരത്തിലുള്ള ചികിത്സകൾ ഇനി മുതൽ തിരുവല്ലയിലും ലഭ്യമാകും. മുഖസൗന്ദര്യത്തിനു കോട്ടം വരുത്തുന്ന രീതിയിൽ മൂക്ക്, ചെവി, വായ്, താടി, തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന വിവിധ വൈകല്യങ്ങൾ നൂതന സജ്ജീകരണങ്ങളും വിവിധ ഡിപ്പാർട്മെന്റുകളുടെ ഏകീകരിച്ചുള്ള ചികിത്സയും വഴി പരിഹരിക്കുവാനുള്ള സൗകര്യങ്ങൾ തിരുവല്ല മെഡിക്കൽ മിഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന ഈ ചികിത്സകൾ രോഗികൾക്ക് മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്. മെഡിക്കൽ മിഷൻ ആശുപത്രിയിലെ പീഡിയാട്രിക് അനസ്‌തേഷ്യയിൽ അതിവൈദഗ്ദ്യമുള്ള ഡോക്ടർമാരുടെ സേവനം ശിശുക്കൾക്ക് മുഖവൈകല്യ ചികിത്സക്ക് ഒരു മുതൽക്കൂട്ടാണ്. പതിമൂന്നു വയസ്സിനുള്ളിൽ കുട്ടികൾക്ക് തക്കതായ ട്രീറ്റ്മെന്റ് നല്കാനായാൽ അവരുടെ മുഖവൈകല്യങ്ങൾ പൂർണ്ണമായി നേരെയാക്കാൻ കഴിയുമെന്ന് ഡോ. മാത്യു പി സി പറഞ്ഞു. വിദേശികളും നാലുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നിരവധിപ്പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് ടി.എം.എം ആശുപത്രിഅഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു, ഫേഷ്യൽ കോസ്‌മെറ്റിക് സർജറി കൺസൽട്ടൻറ് ഡോ.മാത്യു പി.സി, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ റൗളി മാത്യു, കോർപ്പറേറ്റ് റിലേഷൻസ് മാനേജർ ജിജോ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.