thomas-cherian

ഇലന്തൂർ (പത്തനംതിട്ട): 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ പത്തിനാണ് ദേശീയപതാക പുതപ്പിച്ച മൃതദേഹം അമ്പതോളം സൈനികരുടെ അകമ്പടിയോടെ ഇലന്തൂർ ഒടാലിൽ വീട്ടിൽ എത്തിച്ചത്. മഞ്ഞിൽ ഘനീഭവിച്ച മൃതദേഹം കാലപ്പഴക്കത്താൽ ചുരുങ്ങിയതിനാൽ പേടകം തുറന്നില്ല. സഹോദരങ്ങളായ തോമസ് തോമസും തോമസ് വറുഗീസും മേരി തോമസും ഏറെനേരം പേടകത്തിനരികിലിരുന്നു. തോമസ് ചെറിയാന്റെ ഇരുപത്തിരണ്ടാം വയസിലെ ചിത്രത്തിന് മുന്നിൽ മുൻസൈനികരടക്കം നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു.

പള്ളിക്ക് പിന്നിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരുന്നു സംസ്കാരം. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത അന്ത്യശുശ്രൂഷയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മെത്രാപ്പൊലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ ദിയസ്‌കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ്, ജോസഫ് മാർ ദിവന്നാസിയോസ്, ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമ്മികരായി. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി വീണാ ജോർജ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുവേണ്ടി ആന്റോ ആന്റണി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുവേണ്ടി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവരും കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ തുടങ്ങിയവരും പുഷ്പചക്രം അർപ്പിച്ചു. വീട്ടിലെ അന്ത്യകർമ്മങ്ങൾക്കുശേഷം പൊലീസും പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം സൈന്യവും ഗാർഡ് ഒഫ് ഓണർ നൽകി. മൃതദേഹപേടകത്തിൽ പൊതിഞ്ഞ ദേശീയപതാക സൈനിക ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. 1968 ഫെബ്രുവരി ഏഴിനാണ് തോമസ് ചെറിയാൻ അടക്കം 102 സൈനികർ സഞ്ചരിച്ച വ്യോമസേനാ വിമാനം ഹിമാചലിലെ മഞ്ഞുമലയിൽ തകർന്നുവീണത്.