ksrtc-1
ചെങ്ങന്നൂർ കെ എസ് ആർ ടി സി ഡിപ്പോയുടെ ഇപ്പോഴത്തെ അവസ്ഥ


ചെങ്ങന്നൂർ: ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിട്ടം പൊളിഞ്ഞു വീഴാറായിട്ടും അധികൃതർ കണ്ടമട്ടില്ല. സമഗ്രനവീകരണത്തിന് മാസ്റ്റർപ്ലാൻതയാറായിട്ട് മാസങ്ങളായിട്ടും അനങ്ങപ്പാറ നയം തുടരുന്നെന്ന ആക്ഷേപം ശക്തമാണ്. സർവീസിന് ആവശ്യമായ ബസുകളില്ലാത്തതും പ്രാഥമികാവശ്യത്തിനായി ടോയ്ലറ്റ് ഇല്ലാത്തതും, വേണ്ട ഇരിപ്പിടമില്ലാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. ഇതിനുപുറമേ നിറുത്തലാക്കിയ ഓർഡിനറി സർവീസുകളുടെ നീണ്ട പട്ടികയും ലിസ്റ്റിലുണ്ട്. 1963 ൽ നിർമ്മിച്ച പ്രധാന കെട്ടിടത്തിന്റെ മിക്ക ഭാഗവും പൊളിഞ്ഞ നിലയിലാണ്. മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പതിവായതോടെ ആശങ്കയിലാണ് ജീവനക്കാരും. ശബരിമല തീർത്ഥാടന കാലത്ത് പതിനായിരക്കണക്കിനു തീർത്ഥാടകരാണ് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തുന്നത്. 2.17 കോടി ചെലവഴിച്ചു നിർമ്മിച്ച ഗാരിജ് കം ഓഫീസ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയായിട്ടും ജീവനക്കാർക്ക് ഇവിടേക്കു മാറാൻ സാധിക്കുന്നില്ല.

പ്രവർത്തനം മാറ്റാത്തതിൽ പ്രതിഷേധം ശക്തം

ഡിപ്പോ കെട്ടിടം ജീർണാവസ്ഥയിലായിട്ടും പ്രവർത്തനം മാറ്റാൻ ചീഫ് ഓഫീസിൽ നിന്നും അനുമതി ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. പുതിയ ഡിപ്പോ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള കെട്ടിടങ്ങൾ മുഴുവൻ പൊളിക്കുമെന്നാണ് അധികൃതരുടെ നിലപാട്. അങ്ങനെയായാൽ നിലവിലുള്ള ഓഫീസ്, ഡിപ്പോ വളപ്പിലുള്ള ഗാരേജിന് മുകളിലത്തെ നിലയിലാകും പിന്നീട് പ്രവർത്തിക്കുക. ഈ കെട്ടിടത്തിലേക്ക് എത്രയും വേഗം പ്രവർത്തനം മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും ചോർച്ച

മഴ ശക്തമായതിനാൽ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും ചോർച്ചയാണ്. ഇത് ബലക്ഷയം രൂക്ഷമാക്കുന്നുണ്ട്. അതേസമയം ശബരിമല സീസൺ തുടങ്ങുംമുമ്പ് ഡിപ്പോയുടെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. 12 കോടി രൂപ ചെലവിട്ടാണ് പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പുതിയ ഡിപ്പോ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. എം.സി റോഡിൽനിന്ന് കുറച്ചുകൂടി പിന്നാട്ട് ഇറക്കിയാകും നിർമ്മാണം. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്തിനു മുന്നോടിയായി ഡിപ്പോയുടെ പ്രവർത്തനം ഇവിടേക്കു മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഈത്തവണ തീർത്ഥാടനകാലം അടുക്കാറായിട്ടും നടപടി ആയിട്ടില്ല.

..........................
എന്നും രാവിലെ കൊല്ലത്തു പോയി ജോലി ചെയ്യുന്ന ആളാണ്, ബസ് കിട്ടാൻ താമസിച്ചാൽ ഇളകി വീഴും എന്ന ഭയത്താൽ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുവാൻ പേടിയാണ്. എത്രയും വേഗം ഇതിന് പരിഹാരം കാണണം.

സജി

(യാത്രക്കാരൻ)

.................

പുതിയ കെട്ടിടത്തിന് ടെൻഡർ നടപടികൾ പുരോഗമിക്കുന്നു

ചെലവ് 12 കോടി