ഇലന്തൂർ : തോമസ് ചെറിയാന്റെ മൃതദേഹപേടകത്തിന് മുന്നിൽ സൈന്യം ഗാർഡ് ഒാഫ് ഒാണർ നൽകുമ്പോൾ അകലെയാെരാൾ സല്യൂട്ട് നൽകി നിൽപ്പുണ്ടായിരുന്നു. ചിറക്കാല ആറ്റൂർ കുഴിപറമ്പിൽ വീട്ടിൽ കെ.എം.തോമസ് [76]. തോമസ് ചെറിയാന്റെ മൃതദേഹം കല്ലറയിലേക്ക് കൊണ്ടുപോകുമ്പോൾ നിയന്ത്രണം വിട്ട് വിതുമ്പി. കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിച്ചു. പിന്നീട് സൈനികനെപ്പോലെ അദ്ദേഹം കല്ലറയ്ക്ക് മുന്നിൽ നിന്നു. തോമസ് ചെറിയാനൊപ്പം സ്കൂളിലെ സഹപാഠിയായിരുന്നു കെ.എം.തോമസ്. ഇരുവരും തല്ലുകൂടിയും ഒാടിക്കളിച്ചും നടന്ന കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റെ ഒാർമകളിൽ. മുളങ്കുന്ന് എൽ.പി സ്കൂളിലും തോട്ടമുറം യു.പി സ്കൂളിലും ഒരുമിച്ചാണ് പഠിച്ചത്. ഇരുവരും സൈന്യത്തിൽ ചേർന്നത് ഒരേ വർഷം. നാഗ്പൂരിലെ കാംന്തി ട്രെയിനിംഗ് ക്യാമ്പിൽ ആറ് മാസം ബേസിക്കും രണ്ടര വർഷം ട്രേഡിൽ പരിശീലനവും. കെ.എം.തോമസ് ടെലി മെക്കാനിക്കൽ വിഭാഗത്തിലായിരുന്നു. മരിച്ച തോമസ് ചെറിയാൻ ഡ്രാഫ്റ്റ്സ്മാനും. ക്യാമ്പിൽ തങ്ങൾ ഒന്നിച്ചു കാണുമായിരുന്നുവെന്ന് കെ.എം.തോമസ് പറഞ്ഞു. തോമസ് ചെറിയാൻ ലഡാക്കിലേക്ക് പോയ ശേഷം കണ്ടിട്ടില്ല. അപകടത്തിൽ പെട്ടുവെന്നും പിന്നീട് മരണം സ്ഥിരീകരിച്ചെന്നും അറിഞ്ഞത് തനിക്ക് ദു:ഖമുണ്ടാക്കിയെന്ന് കെ.എം.തോമസ് പറഞ്ഞു. 1992ൽ സൈന്യത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് പത്തനംതിട്ടയിൽ ഐ.ടി.ഐ അദ്ധ്യാപകനായി ജോലി ചെയ്തു.