തിരുവല്ല : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷൻ -90 പ്രവർത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യജോബ് ഫെയർ ഇന്ന് മാർത്തോമ്മാ കോളേജിൽ നടക്കും. 33000 തൊഴിലവസരങ്ങൾ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറിൽ 34 കമ്പനികൾ പങ്കെടുക്കുന്നുണ്ട്. എസ്,എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, എൻജിനീയറിംഗ്, നഴ്സിംഗ് എന്നീ പ്രൊഫഷണൽ തൊഴിലവസരങ്ങളും ഈ തൊഴിൽമേള വഴി സാദ്ധ്യമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് റജിസ്ട്രേഷൻ അവസാനിച്ച ജോബ് ഫെയറിലേക്ക് 5100 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലെങ്കിലും അപേക്ഷിച്ചവർക്ക് മേളയിലെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.രാവിലെ 9.30ന് സ്വാഗതസംഘം ചെയർമാൻ മാത്യു ടി.തോമസ്, എം.എൽ.എ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. മൈഗ്രേഷൻ കോൺക്ളേവ് രക്ഷാധികാരി ഡോ.തോമസ് ഐസക്ക്, ചെയർമാൻ എ.പദ്മകുമാർ, കെ.സി.രാജഗോപാൽ, കോളേജ് പ്രിൻസിപ്പൽ ടി.കെ.മാത്യു വർക്കി, കുടുംബശ്രീ ഡി.എം.സി അദില എന്നിവർ പ്രസംഗിക്കും. കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന്റെ മുൻവശത്ത് തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്തവർക്കുള്ള ഇന്‍റർവ്യൂ ടോക്കൺ രാവിലെ 9മുതൽ ലഭ്യമാക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച ഐ.ഡി നമ്പർ (KMൽ ആരംഭിക്കുന്നത്) അപേക്ഷകർ അറിഞ്ഞിരിക്കേണ്ടതാണ്. കമ്പനിയുടെ മുഖാമുഖം നടക്കുന്ന കെട്ടിടം, റൂംനമ്പർ എന്നിവയുടെ ടോക്കൺ റജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കും.