
ഇലന്തൂർ : തോമസ് ചെറിയാന്റെ മൃതദേഹം അടക്കിയത് ഇടവക പള്ളിയായ കരൂർ സെന്റ് പീറ്റേഴ്സ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിയിൽ തയ്യാറാക്കിയ പ്രത്യേകം കല്ലറയിൽ. തോമസ് ചെറിയാന്റെ മാതാപിതാക്കളായ ഒ.എം.തോമസിന്റെയും ഏലിയാമ്മയുടെയും അന്ത്യവിശ്രമവും ഇവിടെയാണ്. കുടുംബക്കല്ലറയിൽ അടക്കം ചെയ്യാനായിരുന്നു ബന്ധുക്കൾക്ക് താൽപ്പര്യം. എന്നാൽ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ തെരച്ചിലിനൊടുവിൽ കിട്ടിയ സൈനികന്റെ മൃതദേഹം പ്രത്യേക പരിഗണനയോടെ സംസ്കരിക്കണമെന്ന് സഭാനേതൃത്വം തീരുമാനിക്കുകയായിരുന്നു. വൈദികർക്കായുള്ള കല്ലറയ്ക്ക് സമീപമാണ് തോമസ് ചെറിയാനും കല്ലറയൊരുക്കിയത്. സമീപകാലത്ത് സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളിയിൽ പ്രത്യേകം കല്ലറ തയ്യാറാക്കിയിട്ടുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വേണ്ടിയാണ്.