-pta

ഇലന്തൂർ : മഞ്ഞുമലകളിൽ കാണാതാകുന്നവരെ കണ്ടെത്തുന്നതുവരെ തെരയുക എന്നതാണ് സൈന്യത്തിന്റെ രീതി. മഞ്ഞുമല ഉരുകി മാറിയപ്പോൾ കണ്ട നാല് മൃതദേഹങ്ങളിലൊന്ന് തോമസ് ചെറിയാന്റെതെന്ന് തിരിച്ചറിഞ്ഞത് നെയിംബാഡ്ജിലെയും പോക്കറ്റിലെ ബുക്കിലെയും പേരുകളിൽ നിന്നാണ്. സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം നടത്തിയ തെരച്ചിലിനെ ഇലന്തൂർ സെന്റ്പീറ്റേഴ്സ് പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ച മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് മാർ ക്ലീമിസും യൂഹാനോൻ മാർ ക്രിസോസ്റ്റമോസും പ്രത്യേകം അഭിനന്ദിച്ചു. തോമസ് ചെറിയാന്റെ ബന്ധുക്കളും ജൻമനാടും സൈനികരുടെ ത്യാഗത്തെ ആദരവോടെ ഒാർക്കുമെന്ന് മാർ ക്ലീമിസ് മെത്രാപ്പൊലീത്ത പറഞ്ഞു.

രണ്ടാം മദ്രാസ് റെജിമെന്റ് കേണൽ ജോൺ മാത്യു, കേണൽ എ.കെ.സിംഗ്, കമാന്റിംഗ് ഓഫീസർ കേണൽ സഞ്ജു ചെറിയാൻ, ലെഫ്.കേണൽ സുമീത് എസ്. കുൽകർണി, മേജർ പങ്കജ് എൻ.സി.സി 14ാം ബറ്റാലിയൻ കേണൽ മായങ്ക് ഖാർകെ തുടങ്ങി അറുപതോളം സൈനികരാണ് തോമസ് ചെറിയാന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയത്. ടീം പത്തനംതിട്ട സോൾജിയേഴ്സ് പ്രസിഡന്റ് രാജീവ് കെ. നായർ, രക്ഷാധികാരി രാജ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പൂർവസൈനികരും ഒപ്പമുണ്ടായിരുന്നു.