sena

ഇലന്തൂർ: ലഡാക്കിൽ 56 വർഷം മുൻപ് വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന് രാജ്യം വിട നൽകി. ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ നൂറുകണക്കിന് സൈനികരുടെയും മറ്റ് സേനാംഗങ്ങളുടെയും അകമ്പടിയോടെയാണ് മൃതദേഹം ഒടാലിൽ പുത്തൻ വീട്ടിലേക്ക് കൊണ്ടുവന്നത്. വിലാപയാത്ര കടന്നുവന്ന വഴിയരികിൽ വൻ ജനാവലിയാണ് അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്നത്. പ്രക്കാനം ഗവ.എൽ.പി സ്‌കൂളിന് മുന്നിൽ കുട്ടികൾ ദേശീയപതാക വീശിയും പൂക്കൾ അർപ്പിച്ചും ധീര ജവാന് ആദരം അർപ്പിച്ചു.

വാഹനവ്യൂഹം ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തിയപ്പോഴേക്കും ജനസാഗരമായി. ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഒരുക്കിയ പ്രത്യേക പന്തലിന് മുന്നിൽ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയപ്പോൾ ഭരത് മാതാ കീ ജയ് വിളിച്ചും പൂക്കൾ അർപ്പിച്ചും പുഷ്പചക്രങ്ങൾ സമർപ്പിച്ചും ആദരം പ്രകടിപ്പിച്ചു. ആന്റോ ആന്റണി എം.പി, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, വൈസ് പ്രസിഡന്റ് എം.എസ്.സിജു, പ്രതിപക്ഷ നേതാവ് സജി തെക്കുംകര, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, മുൻ എം.എൽ.എ പത്മകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ എന്നിവരും ആദരം അർപ്പിച്ചു.

ഒടാലിൽ വീട്ടിലേക്ക് വിലാപയാത്ര എത്തിയപ്പോൾ വീടും പരിസരവും ജനങ്ങളാൽ തിങ്ങിനിറഞ്ഞു. സൈനിക വാഹനത്തിൽ നിന്ന് തോമസ് ചെറിയാന്റെ ഭൗതിക ശരീരം ഒടാനിൽ പുത്തൻ വീടിനുള്ളിലേക്ക് എത്തിച്ച് വീട്ടുകാർ അന്ത്യോപചാരം അർപ്പിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് വീട്ടുമുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിലേക്ക് മൃതദേഹം പൊതുദർശനത്തിന് വച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സഭാ ബിഷപ്പുമാരും വിമുക്ത ഭടന്മാരുടെ സംഘടനകളും വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. പന്തളം എൻ.എസ്.എസ് കോളേജ് എൻ.സി.സി കേഡറ്റുകൾ പുഷ്പ ചക്രം സമർപ്പിച്ചു. വീട്ടിലെ അന്ത്യശുശ്രൂഷ ചടങ്ങുകൾക്കുശേഷം പത്തനംതിട്ട ഡി.എച്ച് 2 സബ് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി.

തുടർന്ന് ഭൗതികദേഹം വിലാപയാത്രയായി കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് എത്തിച്ചു. ഇവിടെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി വീണാജോർജ്ജും രാഹുൽ ഗാന്ധിക്കുവേണ്ടി ആന്റോ ആന്റണി എം.പിയും പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, എസ്.പി വിനോദ് കുമാർ എന്നിവരും രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. തോമസ് ചെറിയാൻ പഠിച്ച മുളങ്കുന്ന് എൽ.പി.എസ്, തോട്ടപ്പുറം യു.പി.എസ്, പത്തനംതിട്ട കത്തോലിക്കേറ്റ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി ചുവന്ന റോസാ പുഷ്പങ്ങൾ അർപ്പിച്ചു.

പള്ളിയിലെ അന്ത്യശുശ്രൂഷയ്ക്കുശേഷം പള്ളിക്കുസമീപം ഒരുക്കിയ പന്തലിൽ സൈന്യം ആദരം നൽകി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് മൃതശരീരം എത്തിച്ചു. സൈന്യത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്കുശേഷം തോമസ് ചെറിയാന്റെ ഭൗതികശരീരം അടക്കം ചെയ്ത പേടകത്തിൽ നിന്ന് ദേശീയപതാക ഉപചാരപൂർവ്വം മടക്കിയെടുത്ത് ബന്ധുക്കൾക്ക് കൈമാറി. നാടിന്റെ നാനാഭാഗത്ത് നിന്ന് ആയിരക്കണക്കിന് ആളുകളാണ് ധീര ജവാന് വിട നൽകാനായി എത്തിയത്.