
പത്തനംതിട്ട : ജില്ലയിൽ മുൻഗണന റേഷൻ കാർഡുകളിലെ കുടുംബാംഗങ്ങളുടെ മസ്റ്ററിംഗ് നടത്താൻ ഇനി 1,24,574 പേർ. 74 ശതമാനം മസ്റ്ററിംഗ് പൂർത്തീകരിച്ചപ്പോൾ ഉള്ള കണക്കാണിത്. ഇതിൽ പത്ത് വയസിൽ താഴെയുള്ള 23,000 കുട്ടികളുമുണ്ട്. കുട്ടികളുടെ വിരലടയാളത്തിൽ വ്യത്യാസം വരുമെന്നതിനാൽ ഇവരുടെ മസ്റ്ററിംഗ് സാദ്ധ്യമല്ല. വിരലടയാളം അപ്ഡേറ്റ് ചെയ്തിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ മാത്രമേ ഡാറ്റയുമായി ലിങ്ക് ചെയ്യാനാകൂ. 65 വയസ് കഴിഞ്ഞ പലരുടെയും വിരലടയാളം എടുക്കാൻ കഴിയാത്തതും മസ്റ്ററിംഗിന് തടസമാകുന്നു. കൈകളിലുണ്ടാകുന്ന തേയ്മാനവും മറ്റ് രോഗാവസ്ഥയുമാണ് കാരണം.
പഠനം, ജോലി ആവശ്യങ്ങൾക്കായി മറ്റു സ്ഥലങ്ങളിൽ തുടരുന്ന വിദ്യാർത്ഥികളും റേഷൻ സംവിധാനത്തിൽ ഒഴിവാകും. മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ഇവരുടെയെല്ലാം വിഹിതം വെട്ടിക്കുറയ്ക്കും. സാധാരണക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. ഇതിനുള്ള പരിഹാരം സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ല. ഇപ്പോൾ എട്ട് വരെ മസ്റ്രറിംഗ് നീട്ടിയിട്ടുണ്ട്. കുറച്ച് കൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റേഷൻ വ്യാപാരികൾ.
ജില്ലയിൽ മസ്റ്ററിംഗ് ചെയ്യേണ്ട ഗുണഭോക്താക്കൾ : 4,87,743
ഇതുവരെ മസ്റ്ററിംഗ് ചെയ്തവർ : 363169.
ബി.പി.എൽ വിഭാഗത്തിൽ : 411531.
അന്ത്യോ ദയ അന്ന യോജന വിഭാഗത്തിൽ : 76212.
പരമാവധി മസ്റ്ററിംഗ് ചെയ്യാൻ കഴിയുന്നവരെ കൊണ്ട് ചെയ്യിപ്പിക്കും. നിരവധി പേർ മറ്റ് സ്ഥലങ്ങളിൽ ജോലിക്കും മറ്റുമായി പോയിട്ടുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും വിരൽ പതിയാത്ത വിഷയമുണ്ട്.
സപ്ലൈ ഓഫീസ് അധികൃതർ
മസ്റ്ററിംഗ് നിർബന്ധം
മുൻഗണനാ റേഷൻ കാർഡുകളിലെ എല്ലാ കുടുംബാംഗങ്ങളുടേയും ഇ കെ വൈ സി അപ്‌ഡേഷൻ (മസ്റ്ററിംഗ്) നിർബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദേശിച്ചതിനാൽ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകൾ നടക്കുകയാണ്. എ എ വൈ, പി എച്ച് എച്ച് മുൻഗണനാ വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകളിൽ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷൻ കാർഡുകൾ) ഉൾപ്പെടെ എല്ലാ അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡും സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി ഇ കെ വൈ സി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ക്യാമ്പുകളിൽ എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ ബന്ധപ്പെട്ട കാർഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം. അപ്രകാരമുള്ള റേഷൻ ഉപഭോക്താക്കളുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ നേരിട്ടെത്തി അപ്‌ഡേഷൻ നടത്തും.