school
അടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നത് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക നിലവാരത്തിലുള്ള ലാബുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, തുടങ്ങി സമഗ്രമായ വികസനമാണ് നടത്തുന്നത്. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് അടൂർ മണ്ഡലത്തിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അടൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ ക്ലാസ് മുറികൾ ഹൈ ടെക് ആക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കും. സ്‌കൂളിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അടൂർ ഗേൾസ് സ്‌കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്. അടൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.ആർ. അജയകുമാർ, ആർ.തുളസീധരൻ പിള്ള,സുശീല കുഞ്ഞമ്മകുറുപ്പ്, പി.ബി.ഹർഷകുമാർ,ബി.ആർ.അനില, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.