 
റാന്നി : പെരുനാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ അഞ്ചോളം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇതിൽ സ്കൂൾ വിദ്യാർത്ഥിയും ഉൾപ്പെടുന്നു. ഒക്ടോബർ രണ്ടിന് മാത്രം മൂന്ന് പേർക്ക് കടിയേറ്റു. ഇതിൽ വെൽഡിംഗ് വർക്ക്ഷോപ്പ് തൊഴിലാളിയായ പെരുനാട് സ്വദേശി വാഴയിൽ അനിൽകുമാറിനെ പരിക്ക് ഗുരുതരമാണ്. തെരുവുനായയുടെ അഞ്ചു പല്ലുകൾ അനിൽകുമാറിനെ കാലിൽ തുളച്ചു കയറി കൂടാതെ കാലിലെ ദശയും ഇളകി മാറിയിട്ടുണ്ട്. ജോലിക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വെൽഡിംഗ് വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞു ഓട്ടോ സ്റ്റാൻഡിനു മുൻവശത്ത് എത്തിയപ്പോഴായിരുന്നു പിന്നാലെത്തിയ തെരുവുനായ അനിൽകുമാറിനെ ആദ്യം ആക്രമിച്ചത്. ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ശൗര്യത്തോടെ വീണ്ടും കാലിൽ കടിച്ചു വലിക്കുകയായിരുന്നു. ആളുകൾ ബഹളം വച്ചതോടെ നായ പിൻമാറി. പിന്നീട് പ്രധിരോധ കുത്തി വയ്പ്പിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ തേടി.
സ്കൂൾ വിദ്യാർത്ഥികളെയും കടിച്ചു
പെരുനാട് മുണ്ടൻമാല സ്വദേശികളായ സ്കൂൾ വിദ്യാർത്ഥിയെ സുദേവിനും, രാഹുലിനും ഇതേ ദിവസം തെരുവു നായയുടെ കടിയേറ്റു. ഇവരും പ്രധിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു. കൂടാതെ കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ നിന്ന് ഇറങ്ങിയ ആളിനെയും, പെരുനാട് ബിവ്‌കോ ഔട്ട്ലെറ്റിൽ എത്തിയ മറ്റൊരാളിലേയും തെരുവുനായ ആക്രമിച്ചിരുന്നു. തുടരെ ആളുകളെ അക്രമിക്കുന്നതിനാൽ പേവിഷബാധയും സംശയിക്കുന്നുണ്ട്. വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടും തെരുവുനായയെ പിടികൂടാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ തെരുവുനായയെ പിടിക്കൂടാൻ ആളിനെ ഏർപ്പാടാക്കി എന്നാണ് അധികൃതരുടെ വാദം.
രണ്ടു വർഷങ്ങൾക്ക് മുമ്പാണ് പെരുനാട് മന്നപ്പുഴയിൽ അയൽവീട്ടിൽ പാൽ വാങ്ങാൻ പോകുംവഴി തെരുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി പേവിഷ ബാധയേറ്റ് മരണത്തിനു കീഴടങ്ങിയത്. (2022 സെപ്റ്റംബർ 5 ന് ചികിത്സയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു )
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിനി മരണപ്പെട്ട അനുഭവം ഉണ്ടായിട്ടും യാതൊരു പ്രകോപനവുമില്ലാതെ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടിക്കൂടാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും നടപടിയും സ്വീകരിച്ചില്ല.
ജെയ്സൺ പെരുനാട്
(ദേശീയ കായിക വേദി പത്തനംതിട്ട
ജില്ലാ ജനറൽ സെക്രട്ടറി )
...........................
പരിക്ക് ഗുരുതരമാണെന്നും കുത്തിക്കെട്ടാൻ സാധിക്കില്ലെന്നും ബെഡ് റസ്റ്റ് ചെയ്യണമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ആകെയുള്ള വരുമാന മാർഗമാണ് തെരുവുനായയുടെ ആക്രമണം കാരണം നിലത്. അധികൃതരുടെ ഭാഗത്തു നിന്ന് തെരുവുനായയെ പിടികൂടി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കണം.
(അനിൽകുമാർ)