photo

പ്രമാടം : ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് മരത്തി​ന് മുകളി​ൽ കുടുങ്ങി​യ തൊഴി​ലാളി​യെ സഹായി​യുടെ അവസരോചി​തമായ ഇടപെടലി​ലൂടെ ഫയർ ഫോഴ്സ് സാഹസി​കമായി​ രക്ഷപ്പെടുത്തി​. പ്രമാടം വി.കോട്ടയം അന്തിച്ചന്തയിലുള്ള എൻ.ജെ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ പരി​സരത്തെ തേക്കുമരത്തി​ന്റെ മുകളി​ൽ കുടുങ്ങി​യ കോന്നി കുമ്മണ്ണൂർ തടത്തരികത്ത് ചരിവുകാലായിൽ ജലീലാണ് (49) മരണമുഖത്ത് നി​ന്ന് രക്ഷപെട്ടത്. ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ജലീലി​ന്റെ ശരീരത്തി​ന്റെ ഇടതുഭാഗത്തിന് ബലക്ഷയം നേരിടുകയും അവശനാവുകയുമായി​രുന്നു. അപകടം മനസിലാക്കിയ സഹായി മലയാലപ്പുഴ സ്വദേശി പ്രസാദ് ഉടൻ തന്നെ മരത്തിൽ കയറുകയും ജലീലിനെ കയർ ഉപയോഗിച്ച് മരത്തോട് ചേർത്തുവച്ച് കെട്ടി സുരക്ഷ ഉറപ്പാക്കി. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഉടൻ

പത്തനംതിട്ടയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ എ.സാബിവിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ.പി.ദില്ലു, എസ്. സതീശൻ, എസ്.ശ്രീകുമാർ എന്നിവർ സുരക്ഷാ ഉപകരണങ്ങളുമായി ഏണി​യി​ലൂടെ മരത്തിന് മുകളിൽ കയറി​ ജലീലിനെ റെസ്ക്യൂ നെറ്റിൽ കയറ്റി താഴെ ഇറക്കി​, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.ശ്രീനാഥ്, ജെ.അമൽചന്ത്, വിഷ്ണു വിജയ്, അസ്സിം അലി, ആൻസി ജെയിംസ്, ഹോം ഗാർഡ് മാരായ അജയകുമാർ, വിനയചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.