
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ലിഫ്റ്റുകൾ നന്നാക്കാനുള്ള പാർട്‌സുകൾ വ്യാഴാഴ്ച വൈകിട്ടാണ് എത്തിയത്. ഇന്നലെ രാവിലെ പണിതുടങ്ങി. മെയിന്റനൻസിനായി 1.15 ലക്ഷം രൂപ കരാർ കമ്പനിക്ക് നൽകിയതിന് ശേഷമാണ് പണികൾ തുടങ്ങിയത്. വാർഷിക അറ്റകുറ്റപ്പണികൾക്കായി ആശുപത്രി അധികൃതർ നാല് ലക്ഷം രൂപ മുൻകൂറായി അടച്ചത് കൂടാതെയാണിത്. കഴിഞ്ഞ സെപ്തംബർ 14ന് ആണ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായത്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ലിഫ്റ്റിന്റെ പാർട്സുകൾ കമ്പനിയുടെ എറണാകുളത്തെ സ്റ്റോറിൽ ലഭ്യമല്ലാത്തതിനാൽ ഹൈദരാബാദിൽ നിന്ന് എത്തിക്കേണ്ടി വന്നു. നാളെ പണികൾ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
ആശുപത്രി അധികൃതരും കമ്പനിയും തർക്കത്തിൽ
ജനറൽ ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളിൽ ഒരെണ്ണം ഏറെ നാളായി തകരാറിലാണ്. ജീവനക്കാരി ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വാതിൽ പൊളിച്ച് ഇവരെ പുറത്തിറക്കേണ്ടിവന്നു. വാതിൽ പൊളിച്ചതിനാൽ വാർഷിക അറ്റകുറ്റപ്പണികളിൽ ഉൾപ്പെടുത്തി തകരാർ പരിഹരിക്കാൻ പറ്റില്ലെന്ന് കമ്പനി അറിയിച്ചതോടെ ആശുപത്രി അധികൃതർ വെട്ടിലായി. ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ജനറൽ ആശുപത്രി അധികൃതർ നാല് ലക്ഷം രൂപ കമ്പനിക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. എന്നാൽ വാർഷിക പണിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കമ്പനി കടുംപിടുത്തം പിടിച്ചതോടെ വീണ്ടും 1.15 ലക്ഷം രൂപ ആശുപത്രി അധികൃതർ അടയ്ക്കേണ്ടി വന്നു. ലിഫ്റ്റ് നന്നാക്കാനുള്ള തുകയും പാർട്‌സുകളുടെ വിലയും തൊഴിലാളികൾക്കുള്ള വേതനവും ഉൾപ്പെടെയാണിത്.
ലിഫ്റ്റ് വേഗത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ട ആവശ്യകത നിരവധി തവണ ബോദ്ധ്യപ്പെടുത്തിയിട്ടും കമ്പനി പാർട്‌സ് അയക്കുന്നത് വൈകിച്ചെന്ന് ആശുപത്രി അധികൃതർ ആരോപിച്ചിരുന്നു. സെപ്തംബർ 21 ന് ഹൈദരാബാദിൽ നിന്ന് കമ്പനി അയച്ച ലിഫ്റ്റിന്റെ പാർട്‌സ് വ്യാഴാഴ്ച വൈകിട്ടാണ് ആശുപത്രിയിലെത്തുന്നത്.
മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ തുണി സ്‌ട്രെച്ചറിലാണ് മൂന്നാം നിലയിൽ നിന്ന് താഴേക്കു കൊണ്ടുവരുന്നത്. രോഗി സ്‌ട്രെച്ചറിൽ നിന്ന് താഴെ വീണെന്ന പരാതി ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സ്‌കാനിംഗ്, എക്‌സറേ എന്നിവയ്ക്കും രോഗികളെ താഴെ എത്തിക്കേണ്ടിവരും. പഴയ കെട്ടിടമായതിനാൽ റാമ്പ് സൗകര്യവും ഇല്ല.