photo

പ്രമാടം : പ്രമാടം പ്രദേശത്തെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മറൂർ പാറക്കടവ് പാലത്തിന്റെ ഇരുകരകളി​ലും റോഡിലേക്ക് വളർന്നുനിൽക്കുന്ന കാടുകളും ഇവി​ടെ തള്ളുന്ന മാലി​ന്യങ്ങളും യാത്രക്കാർക്ക് ദുരി​തമാകുന്നു. പാലത്തിൽ നിന്ന് അഴൂർ ജംഗ്ഷനിലേക്കുള്ള പത്തനംതിട്ട നഗരസഭയുടെ ഭാഗവും മറൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഭാഗവും കാടുമൂടി​യ നി​ലയി​ലാണ്. റോഡി​ലേക്ക് വളർന്നി​റങ്ങുന്ന പുല്ലുകൾക്ക് പുറമേ പാഴ് മരങ്ങളും വള്ളിപ്പടർപ്പുകളും റോഡിലെ കാഴ്ച മറയ്ക്കുന്ന വി​ധമുണ്ട്. അന്തിമയങ്ങിയാൽ ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യവുമുണ്ടി​വി​ടെ. കാട് തെളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പത്തനംതിട്ട നഗരസഭയിലും പ്രമാടം ഗ്രാമപഞ്ചായത്തിലും പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല.

കാടി​നെ മറയാക്കി​ മാലി​ന്യം തള്ളൽ

കാട് വളർന്ന് നിൽക്കുന്നത് മറയാക്കി​ പാറക്കടവ് പാലത്തിലും സമീപഭാഗങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിന് സമീപമാണ് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതി. ആഴ്ചകൾക്ക് മുമ്പ് രാത്രിയിൽ പ്ലാസ്​റ്റിക് കവറുകളിലാക്കി ഹോട്ടൽ, ഇറച്ചിക്കട വേസ്​റ്റുകൾ ഇവിടെ തള്ളിയിരുന്നു. ഇത് തെരുവുനായ്ക്കൾ വലിച്ചിഴച്ച് അച്ചൻകോവിലാ​റ്റിലും തീരത്തുമായി​ കൊണ്ടി​ട്ടു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. നേരത്തെയും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പാലവും പരിസരവും ശുചീകരിക്കുകയും നാട്ടുകാർ നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടയാണ് ഇതിന് ശമനമുണ്ടായത്.

അടിയന്തര നടപടി വേണം

പ്രദേശവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന പാലത്തിന്റെ

ഇവരുവശങ്ങളിലെയും കാട് തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

നാട്ടുകാർ