തിരുവല്ല : നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള നോ പാർക്കിംഗ് ബോർഡുകളും റോഡിന് നടുവിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് താലൂക്ക് സഭയിൽ തീരുമാനം. അടുത്തകാലത്ത് നഗരത്തിൽ പലയിടത്തും നോ പാർക്കിംഗ് ബോർഡുകൾ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. അന്വേഷണത്തെ തുടർന്ന് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചത് പൊലീസും പൊതുമരാമത്തും നഗരസഭയും മോട്ടോർ വാഹനവകുപ്പും അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇവയെല്ലാം അടിയന്തരമായി നീക്കംചെയ്യാൻ നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയത്. പോസ്റ്റ് ഓഫീസ് -ബി.എസ്.എൻ.എൽ റോഡ് വൺവേ ആക്കാനും മാവേലിക്കര ഭാഗത്തെ സ്വകാര്യ ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള തീരുമാനവും ഓരാഴ്ചയ്ക്കകം കർശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ടോയ്ലറ്റിന്റെ ചോർച്ചയും ബസുകൾ ഇറങ്ങിപ്പോകുന്ന വഴിയിലെ വെള്ളക്കെട്ടും പരിഹരിക്കാൻ കെ.ടി.ഡി.എഫ്.സിക്ക് നിർദ്ദേശം നൽകും. പൊടിയാടി -പന്നായിക്കടവ് റോഡ് നിർമ്മാണം പരുമല പള്ളി പെരുന്നാളിന് മുമ്പ് പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാവിഭാഗം നടത്തുന്ന പരിശോധനകൾ സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങൾ മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ടായി. പുളിക്കീഴ് പാലത്തിന് സമീപത്തെ കാടുകൾ നീക്കണമെന്ന് പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തോണിപ്പുഴ ജംഗ്‌ഷനിൽ അപകടങ്ങൾ പതിവാകുന്നത് സംബന്ധിച്ച് അധികൃതർ പരിശോധന നടത്തണമെന്ന് ആവശ്യമുണ്ടായി. നഗരസഭാ സ്റ്റേഡിയത്തിലെ പതിവാകുന്ന കാട് തെളിക്കാൻ ഗ്രാസ് കട്ടർ മെഷീൻ അനുവദിക്കാമെന്ന് എം.എൽ.എ അറിയിച്ചു. റവന്യു ടവറിലെ ലിഫ്റ്റുകളുടെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് കർശന നിർദ്ദേശം നൽകി. സ്വകാര്യ ബസ് സ്റ്റാന്റിന്റെ തകർച്ച പരിഹരിക്കാൻ നഗരസഭ ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും താലൂക്ക് സഭാ യോഗങ്ങളിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകി. ഇവരുടെ അസാന്നിദ്ധ്യത്തിൽ വിഷയങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വിജി നൈനാൻ, മായാ അനിൽകുമാർ,എം.ഡി. ദിനേശ്കുമാർ, ടി.പ്രസന്നകുമാരി, ബിനോയി സി.എസ്, തഹസിൽദാർ സിനിമോൾ മാത്യു എന്നിവർ പങ്കെടുത്തു.