പത്തനംതിട്ട : ചിറ്റാറിലെ ഭാര്യ വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ ചിറ്റാർ പൊലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്ന് കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്രനെ (29) യാണ് ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്. 2022 ലാണ് യുവാവിനെ കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്‌സ് ആയി ജോലി നോക്കിവരികയായിരുന്നു യുവാവ്. മൊബൈൽ ഫോൺ ലൊക്കേഷൻ മനസിലാക്കി പൊലീസ് സംഘം സുബീഷിനെ കണ്ടെത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.