പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ സെൻട്രൽ ട്രാവൻകൂർ സഹോദയ സംഘടിപ്പിക്കുന്ന കലോത്സവ് 2024ന് തുടക്കമായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 55 സ്‌കൂളുകളിൽ നിന്നായി 3633 വിദ്യാർത്ഥികളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്. റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്‌കൂളും കുടശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്‌കൂളുമാണ് വേദികൾ. സിറ്റാഡൽ സ്‌കൂളിൽ രണ്ടുദിവസമായി 110 ഇനങ്ങൾ പൂർത്തീകരിച്ചു.
ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നൃത്തം, ഇംഗ്ലീഷ് നാടകം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങൾ കുടശനാട് സ്‌കൂളിൽ നടക്കും. 9ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടോപ് സിംഗർ ഫെയിം വൈഗ ലക്ഷ്മി പങ്കെടുക്കും. സഹോദയ പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ് , സെക്രട്ടറി സിസ്റ്റർ മാഗി എലിസബത്ത്, ഫാ. ബ്രൈറ്റ് എം. ടോം, കലോത്സവം കൺവീനർ ദീപ ജി. പിള്ള, കെ.വി. സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.