കോന്നി: യാത്രാദുരിതം മൂലം വലയുകയാണ് തണ്ണിത്തോട് പഞ്ചായത്തിലുള്ളവർ. പത്തനംതിട്ടയിൽ നിന്ന് തണ്ണിത്തോട്, തേക്കുതോട്,കരിമാൻതോട് പ്രദേശങ്ങളിലേക്ക് നേരത്തെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിലച്ചിട്ട് വർഷങ്ങളായി. 2020 മാർച്ചിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സർവീസുകൾ നിറുത്തിയത്. ജില്ലയിലെ ഏറ്റവും ലാഭകരമായ സർവീസുകളിൽ ഒന്നായിരുന്ന കരിമാൻതോട്- തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് കോട്ടയം മെഡിക്കൽ കോളേജ്,അമൃത ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടുന്ന രോഗികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമായിരുന്നു. തണ്ണിത്തോട് പഞ്ചായത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വെട്ടൂർ, അട്ടച്ചാക്കൽ,പയ്യനാമൺ,അതുമ്പുംകുളം തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്നു. പത്തനംതിട്ട കരിമാൻതോട് റൂട്ടിൽ മുമ്പ് കെ.എസ്.ആർ.ടി.സിയുടെ എട്ട് ബസ് സർവീസുകൾ വരെ ഉണ്ടായിരുന്നു. കരിമാൻതോട് - കോട്ടയം മെഡിക്കൽ കോളേജ്, കരിമാൻതോട്,തൃശൂർ, കരിമാൻതോട്, തിരുവനന്തപുരം കരിമാൻതോട് എന്നീ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തിയതോടെ യാത്രാദുരിതം രൂക്ഷമായി. തൃശൂർ കെ.എസ്.ആർ.ടി.സി സർവീസ് ആദ്യം ഗുരുവായൂർ വരെ സർവീസ് നടത്തിയിരുന്നു. കോന്നി പൂങ്കാവ്, പ്രമാടം വഴിയായിരുന്നു ഇത്. കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലേക്കും നെടുമ്പാശേരി എയർപോർട്ടിലേക്കും ഗുരുവായൂർ ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് ബസ് സർവീസ് പ്രയോജനപ്രദമായിരുന്നു. പത്തനംതിട്ടയിൽ നിന്ന് വൈകിട്ട് 6.15 കഴിഞ്ഞാൽ കരിമാൻതോടിന് ഇപ്പോൾ ബസില്ല. തണ്ണിത്തോട്- തേക്കുതോട്- കരിമാൻതോട്- മേടപ്പാറ വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സർവീസുകൾ പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരത്തെ ധർണ നടത്തിയിരുന്നു.
-------------------
തണ്ണിത്തോട് പഞ്ചായത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിബസ് സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
സുരേഷ് തേക്കുതോട് ( പ്രദേശവാസി )