cherukizhang-

കോന്നി: മലയോര മേഖലയിൽ ഒരുകാലത്ത് വ്യാപകമായി കൃഷിചെയ്തിരുന്ന ചെറുകിഴങ്ങ് അപ്രത്യക്ഷമാവുകയാണ്. ഒരുകാലത്ത് വൻതോതിൽ നടന്ന കൃഷി ഇപ്പോൾ തണ്ണിത്തോട്, കൊക്കോത്തോട്, മണ്ണീറ,തേക്കുതോട് എന്നിവിടങ്ങളിൽ ചില കർഷകർ മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക വിളയാണിത്. ചെറു കിഴങ്ങിന്റെ മധുരം മറ്റ് കിഴങ്ങുവർഗങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. നനകിഴങ്ങെന്നും ചെറുവള്ളിക്കിഴങ്ങെന്നും മുക്കിട കിഴങ്ങെന്നും പേരുണ്ട്. ഡയസ്‌കോറിയ എസ്‌കുലന്റ എന്നാണ് ശാസ്ത്രനാമം. നല്ല നീർവാർച്ചയുള്ളതും ഫലപുഷ്ടിയുള്ളതും രണ്ടടിവരെയെങ്കിലും ഇളക്കമുള്ളതുമായ മണ്ണാണ് ചെറുകിഴങ്ങ് കൃഷിക്ക് അനുയോജ്യം. മലയോരഗ്രാമങ്ങളിൽ മുമ്പ് വനത്തിൽ നിന്ന് ഈറ്റ വെട്ടി കൊണ്ടുവന്നാണ് ചെറുകിഴങ്ങിന്റെ വള്ളികൾ പടരാനുള്ള താങ്ങു കാലുകൾ കർഷകർ ഉണ്ടാക്കിയിരുന്നത്. പിന്നീട് വന നിയമം ശക്തമായതോടെ വനത്തിൽ നിന്ന് ഈറ്റ വെട്ടാൻ നിയന്ത്രണങ്ങൾ വന്നു. ഇതോടെ കൂടുതൽ കർഷകർ ഈ കൃഷിയിൽ നിന്ന് പിൻവാങ്ങി. ചെറുകിഴങ്ങ് നട്ട് എട്ടു മാസത്തിനു ശേഷം വിളവെടുക്കാൻ കഴിയും. ചെറുകിഴങ്ങിന്റെ അത്യുൽപ്പാദനശേഷിയുള്ള ഒരിനമാണ് ശ്രീലത.

നടീൽരീതി

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി 1 x1 മീറ്റർ അകലത്തിൽ 45 സെന്റീമീറ്റർ അളവിൽ കുഴികളെടുത്ത് കുഴിയൊന്നിന് ഒന്നര കിലോഗ്രാം കാലിവളമോ, കമ്പോസ്റ്റോ മേൽമണ്ണുമായി കൂട്ടിച്ചേർത്ത് കുഴിമൂടുക. 75 x 75 സെ.മീ അകലത്തിലാണ് കുഴികൾ തയ്യാറാക്കേണ്ടത്. വിത്തിന് 100-–-150 ഗ്രാം തൂക്കം വേണം. പത്ത് സെന്റ് സ്ഥലത്ത് 100 കിലോഗ്രാംവരെ വിത്ത് ആവശ്യമായി വരും. വള്ളി പടരാൻ സമീപത്തുളള മരങ്ങളുടെ മുകളിലേക്ക് കയർ കെട്ടി കയറ്റി കൊടുക്കുകയോ, പന്തൽ തയ്യാറാക്കി കൊടുക്കുകയോ വേണം. കളയെടുപ്പുപോലുള്ള പരിചരണ പ്രവർത്തനങ്ങൾ ചെയ്യണം.

--------------

8 മാസത്തിന് ശേഷം വിളവെടുക്കാം

ശാസ്ത്രനാമം- ഡയസ്‌കോറിയ എസ്‌കുലന്റ

നനകിഴങ്ങെന്നും ചെറുവള്ളിക്കിഴങ്ങെന്നും മുക്കിട കിഴങ്ങെന്നും പേര്

----------------------

മലയോര മേഖലയിൽ ഒരുകാലത്ത് വ്യാപകമായിരുന്ന ചെറുകിഴങ്ങ് കൃഷി ഇന്ന് ഇല്ലാതാവുകയാണ്.

കണ്ണൻ (കർഷകൻ)