dd
ശബരി​മല

പത്തനംതിട്ട: ശബരിമലയിൽ ഇക്കൊല്ലം മണ്ഡല- മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന സർക്കാർ തീരുമാനത്തിൽ ഭക്തസംഘടനകൾക്കടക്കം പ്രതിഷേധം. തീരുമാനം പുന:പരിശോധിക്കണമെന്നും സ്പോട്ട് ബുക്കിംഗ് തുടരണമെന്നും ആവശ്യമുയർന്നു.

ശബരിമലയിൽ ഇത് പ്രായോഗികമല്ലെന്ന് അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ പറഞ്ഞു. നാൽപ്പത്തൊന്നു ദിവസം വ്രതമെടുത്ത് ഗുരുസ്വാമിമാരുടെ സൗകര്യം നോക്കി അവർക്കൊപ്പം വരുന്ന സംഘങ്ങൾ ദിവസവും സമയവും ബുക്ക് ചെയ്ത് എത്തണമെന്നത് നടപ്പാക്കാനാവില്ല. നേരത്തെ പതിനാല് കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു. അതു തുടരണം.

ഒാൺലൈനിൽ ബുക്ക് ചെയ്യുന്നവർ അങ്ങനെ വന്നുകൊള്ളട്ടെ. നേരിട്ട് പമ്പയിൽ എത്തുന്നവർക്ക് ദർശനം നിഷേധിക്കുന്നത് ക്രൂരതയാണ്. അയ്യപ്പസേവാ സംഘത്തെ രണ്ടു വർഷമായി അവലോകന യോഗത്തിൽ വിളിക്കാറില്ല. സംഘം പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കണം.

'എല്ലാ ഭക്തർക്കും

അവസരമുണ്ടാകണം'

ശബരിമലയിൽ എത്തുന്ന എല്ലാഭക്തർക്കും ഭഗവാനെ താെഴാൻ അവസരമുണ്ടാകണമെന്ന്

പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറി പി.എൻ.നാരായണ വർമ്മ.

ഒാൺലൈൻ സംവിധാനത്തെപ്പറ്റി ധാരണയില്ലാത്ത നിരവധി ഭക്തരുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിംഗ് നടത്തിയാണ് ഇവരെ മലകയറാൻ അനുവദിച്ചിരുന്നത്. ഒാൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഇവർക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടിവരും. സ്പോട്ട് ബുക്കിംഗ് തുടരണം.

''തീരുമാനം പുനഃപരിശോധിക്കണം. ദർശനം നടത്താനാകാതെ ഭക്തർ തിരിച്ചുപാേകാൻ ഇടവരുത്തരുത്. സ്പോട്ട് ബുക്കിംഗ് തുടരണമെന്നതുൾപ്പെടെ തീർത്ഥാടനം സുഗമമാക്കാനുള്ള നിർദ്ദേശങ്ങൾ 9ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും

-അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്,

അയ്യപ്പസേവാ സമാജം

സംസ്ഥാന പ്രസിഡന്റ്

''തീരുമാനം പ്രതിഷേധാർഹമാണ്. ഒാൺലൈൻ ബുക്കിംഗ് ലഭിക്കുന്നവർ മാത്രം മാലയിട്ട് വ്രതം അനുഷ്ഠിച്ചാൽ മതിയെന്നത് തീർത്ഥാടനം അട്ടിമറിക്കാൻ വേണ്ടിയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തും

-ഇ.എസ്.ബിജു,

ഹിന്ദുഐക്യവേദി

സംസ്ഥാന വക്താവ്