cpm

തിരുവല്ല : പീഡനക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷാവസ്ഥയിലെത്തി. ഇന്നലെ നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭവനത്തിൽ നടന്ന സമ്മേളനത്തിലാണ് സംഭവം. പാർട്ടി പ്രവർത്തകയുടെ അശ്ളീലദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന കേസിലെ പ്രതിയായ നാസറിനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. അശ്ളീലദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ നടന്ന സമ്മേളനത്തിൽ നാസർ പങ്കെടുക്കാൻ എത്തി​യത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശപ്രകാരം നാസറിന് മെമ്പർഷിപ്പ് പുതുക്കി നൽകിയതായി ഏരിയ കമ്മിറ്റിയംഗം അറിയിച്ചെങ്കിലും എതിർപക്ഷം അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് വാക്കേറ്റം സംഘർഷാവസ്ഥയിലായത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നാട്ടുകടവ് ബ്രാഞ്ച് സമ്മേളനം മൂന്നുതവണ മാറ്റിവച്ചിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് സമവായ ചർച്ചകൾക്കൊടുവിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെ സമ്മേളനം പുനരാരംഭിക്കുകയായിരുന്നു.

നാസർ ഉൾപ്പെട്ട പീഡനകേസിൽ രണ്ടാംപ്രതിയായ സജിമോനെ കോട്ടാലിയിലെ ബ്രാഞ്ച് സമ്മേളനത്തിൽ, ലോക്കൽ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി കഴിഞ്ഞദിവസം ടൗൺ നോർത്ത് ലോക്കൽകമ്മിറ്റി യോഗത്തിലും ചേരിതിരിഞ്ഞുള്ള വാക്കേറ്റമുണ്ടായിരുന്നു.