w

റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ കരികുളത്ത് കുടിവെള്ളമില്ലെന്ന് ആരോപിച്ച് റാന്നി താലൂക്ക്‌ വികസന സമിതിയോഗത്തിൽ വാട്ടർ അതോറിട്ടിക്കെതിരെ പരാതി ഉയർന്നു . കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് സജി ഇടുക്കുള , കരികുളം നിവാസി പാപ്പച്ചൻ കൊച്ചുമേപ്രത്ത് എന്നിവരാണ് പരാതിപ്പെട്ടത്. പഴവങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ കരികുളത്ത് കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത് ഉടൻ പരിഹരിച്ചില്ലങ്കിൽ സമരപരിപാടി ആരംഭിക്കുമെന്നും അവർ പറഞ്ഞു. റാന്നി മേജർ ജല വിതരണ പദ്ധതിയായ ആനത്തടം സംഭരണിയിൽ നിന്ന് കൂടുതൽ വെള്ളം പമ്പ് ചെയ്യുകയോ, കരികുളം ജലവിതരണ പദ്ധതി പുനരാരംഭിക്കുയോവേണമെന്നാണ് പ്രധാന ആവശ്യം.കരികുളത്ത് മിക്ക പ്രദേശങ്ങളിലും ആഴ്ചയിൽ 2 മണിക്കൂർ പോലും വെള്ളം കിട്ടുന്നില്ല. ചില മേഖലകളിൽ വെള്ളം എത്തുന്നതേയില്ല. പ്രദേശത്ത് പമ്പിങ്ങ് സമയം കൂട്ടി പ്രശ്നത്തിന് പരിഹാരം കാണണം. എന്നാൽ.പമ്പിംഗ് സമയം കൂട്ടി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാൻ കഴിയില്ലെന്നും വീടുകളിലെ ജലസംഭരണിയുടെ അളവുകൂട്ടി പരിഹാരം ഉണ്ടാക്കണമെന്നും വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ജല ജീവൻ മിഷൻ പദ്ധതിയിൽ പുതിയ സംഭരണി പണിതാൽ മാത്രമേ കരികുളത്തേ കുടിവെള്ളപ്രശ്നത്തിന്പരിഹാരമാകു . കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാനും ഇതു പരിശോധിക്കാനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കു പുറമേ ജില്ലാ പഞ്ചായത്തംഗം ജെസി അലക്സിനെ ഉൾപ്പെട്ട കമ്മിറ്റിയെ വികസന സമതിയോഗം ചുമതലപ്പെടുത്തി . യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.പ്രകാശ്, കെ.ആർ.സന്തോഷ്, അമ്പിളി പ്രഭാകരൻ നായർ, റൂബി കോശി, സമിതി അംഗങ്ങളായ പാപ്പച്ചൻ കൊച്ചുമേപ്രത്ത്, രജീവ് താമരപ്പള്ളിൽ, സജി ഇടിക്കുള, ജോജോ കോവൂർ, മാത്യു ദാനിയൽ, ജി.രാജപ്പൻ, രാജുമരുതിക്കൽ, കെ.ആർ. ഗോപാലകൃഷ്ണൻ നായർ, തഹസിൽദാർ അനിൽ ഏബ്രഹാം, ഡെപ്യൂട്ടി തഹസിൽദാർ എൻ.വി.സന്തോഷ് എന്നിവർ സംസാരിച്ചു.