temple
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് എഴുത്തോലയും നാരായവും ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി, മേൽശാന്തി ശ്യാം ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ സരസ്വതീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു

തിരുവല്ല: വിദ്യാദേവതയുടെ പ്രതിഷ്ഠയാൽ ധന്യമായ പെരിങ്ങര സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തജനങ്ങളുടെ തിരക്കേറി. എസ്.എൻ.ഡി.പി യോഗം 594-ാം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലാണ് സരസ്വതി ദേവി കുടികൊള്ളുന്നത്. ഗുരുദേവ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ വേളയിൽ ശിവഗിരിയിലെതുപോലെ വിദ്യാദേവതയുടെ ക്ഷേത്രവും ഉണ്ടാകണമെന്ന ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം സ്ഥാപിതമായതാണ് ഈക്ഷേത്രം. അഗ്നിപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം വീണാവാദനത്തിനൊപ്പം അക്ഷരമാലയും കൈകളിലേന്തി ഗ്രന്ഥസ്വരൂപിണിയായി താമരപ്പൂവിൽ വാഴുന്ന സരസ്വതീദേവിയുടെ ലക്ഷണമൊത്ത വിഗ്രഹമാണിതെന്നും പ്രതിഷ്ഠാകർമ്മം നിർവഹിച്ച ശ്രീനാരായണ ഗുരുവിന്റെ ശിക്ഷ്യപരമ്പരയിലെ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി വൈദിക വിധിപ്രകാരം ത്രികാലപൂജ നടത്തുന്ന ജില്ലയിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. ക്ഷേത്രത്തിന്റെ പ്രാധാന്യം മനസിലാക്കി നൂറുകണക്കിന് ഭക്തജനങ്ങളാണ് ദിവസവും നവരാത്രി പൂജകളിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തന്ത്രി പെരുന്ന സന്തോഷ് തന്ത്രി, മേൽശാന്തി ശ്യാം ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ഗുരുദേവക്ഷേത്രത്തിൽ നിന്ന് സരസ്വതീ ക്ഷേത്രത്തിലേക്ക് എഴുത്തോലയും നാരായവും എഴുന്നെള്ളിച്ചു. നവരാത്രി ദിനങ്ങളിൽ ഇത് ദർശനത്തിന് വയ്ക്കും. ദിവസവും രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുദേവനും ദേവിക്കും കലശപൂജ, നവകം, പഞ്ചഗവ്യം, 9ന് കലശാഭിഷേകം, ദേവീഭാഗവത പാരായണം, ഏഴിന് ദീപാരാധന, 10ന് വൈകിട്ട് അഞ്ചിന് പൂജവയ്പ്, 12ന് വൈകിട്ട് നാലിന് സർവ്വൈശ്വര്യപൂജ, 5ന് ആയുധപൂജ, 6ന് പരീക്ഷാ വിജയികൾക്ക് അനുമോദനം, 13ന് രാവിലെ 7.45ന് പൂജയെടുപ്പ്, വിദ്യാരംഭം. തുടർന്ന് എഴുത്തോലയും നാരായവും സരസ്വതീ ക്ഷേത്രത്തിൽ നിന്ന് ഗുരുദേവ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളിക്കൽ.