adhi

പത്തനംതിട്ട : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആദിവാസി ഉന്നതികളിൽ (ഉൗര്) അയൽക്കൂട്ട ശാക്തീകരണം, ആഹാരത്തിന്റെ ആവശ്യകത എന്നിവ മനസിലാക്കുന്നതിനും ബോധവൽക്കരിക്കുന്നതിനും ഒസ്റ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ. ഗോത്രഭാഷയിലുള്ള ഒസ്റ എന്ന വാക്കിന്റെ അർത്ഥവും ഉന്നതി എന്നാണ്. അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ആഹാരവും ആരോഗ്യവും

ആദിവാസി ഉന്നതികളിലെ ഭക്ഷണങ്ങളും അവരുടെ ആരോഗ്യനിലയുമാണ് ഒസ്റ പദ്ധതിയിൽ പ്രധാനമായും പരിഗണിക്കുന്നത്. മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കി തുടങ്ങുന്ന ചോദ്യാവലിയിൽ റേഷൻ കട വഴി ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ആദിവാസി വിഭാഗത്തിലുള്ളവർക്ക് സർക്കാർ എത്തിയ്ക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാനുള്ള പരിശീലനവും നൽകുന്നു. സ്ത്രീകളിലെ ആർത്തവ സമയം ഉപയോഗിക്കുന്നത് (നാപ്കിനുകളാണോ മെൻസ്ട്രൽ കപ്പാണോ തുണികളാണോ) എന്താണ് എന്നും ആർത്തവത്തിനും ഗർഭനിരോധനത്തിനും ഗുളികകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതടക്കം

റിപ്പോർട്ട് നൽകണം. ആശാവർക്കർമാരുടെ പ്രവർത്തനവും വിലയിരുത്തണം. ഇത്തരത്തിലുള്ള മുപ്പത് ചോദ്യങ്ങൾ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. എ.ഡി.എസ്, സി.ഡി.എസ് മുഖേനയാണ് റിപ്പോർട്ട് തയ്യാറാക്കുന്നു. ജില്ലാ പ്രോഗ്രാം മാനേജർമാർ, സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർമാർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഒസ്റയുടെ ലക്ഷ്യങ്ങൾ

1. ഉന്നതികളിലെ കുടുംബശ്രീ സംഘടനാ ശാക്തീകരണം

2. ആരോഗ്യവും പോഷകാഹാരത്തിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ അവബോധം സൃഷ്ടിക്കുക

3. തദ്ദേശീയ മേഖലയിലെ ഓരോ അയൽക്കൂട്ടത്തിലേയും അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുക

4. കല, കായിക യൂത്ത് ക്ലബുകൾ, ബാലസഭകൾ എന്നിവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക.

ജില്ലയിൽ രണ്ടായിരത്തിലധികം ആദിവാസി കുടുംബങ്ങൾ

ജില്ലയിൽ ആകെ നാൽപ്പത് ആദിവാസി ഉന്നതികളാണ് നിലവിലുള്ളത്. 2011 ലെ സെൻസസ് പ്രകാരം 1998 ആദിവാസി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 2500 ൽ അധികം ആദിവാസി കുടുംബങ്ങൾ ഇപ്പോഴുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ജില്ലയിൽ
ആകെ ഉന്നതി : 40
ഉന്നതിയിലെ അയൽക്കൂട്ടങ്ങൾ : 62

സ്പെഷ്യൽ അയൽക്കൂട്ടങ്ങൾ : 44

കണ്ടെത്താൻ ബുദ്ധിമുട്ട്

മലവേടർ, മല അരയർ, മലമ്പണ്ടാരം, ഉള്ളാടർ വിഭാഗത്തിലുള്ള ആദിവാസി സമിതികളാണ് ജില്ലയിലുള്ളത്. നിരന്തരം കാട്ടിലൂടെ സഞ്ചരിക്കുന്ന വിഭാഗങ്ങളാണ് മലമ്പണ്ടാരങ്ങൾ. ഇങ്ങനെ 109 കുടുംബങ്ങളുണ്ട്. ഭക്ഷണം പാകം ചെയ്യാനൊക്കെ പഠിപ്പിച്ചാലും ഇവർ ചെയ്യാറില്ല. ഇവർക്കായി നിരവധി പ്രത്യേക പദ്ധതികളുണ്ട്.

ഒസ്റ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കും.

ജില്ലാ മിഷൻ അധികൃതർ