photo
പാറക്കടവ് പാലത്തിന് സമീപം പത്തനംതിട്ട നഗരസഭയുടെ ഭാഗം കാട് തെളിച്ച് ഇന്നലെ വൃത്തിയാക്കിയപ്പോൾ

പ്രമാടം : പാറക്കടവ് പാലം റോഡിലെ കാടുകൾ നീക്കം ചെയ്ത് പത്തനംതിട്ട നഗരസഭ. പ്രമാടം ഗ്രാമപഞ്ചായത്തിനെയും ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന്റെ ഇരുവശങ്ങളിലെയും റോഡുകളിലേക്ക് കാടുകൾ വളർന്ന് നിൽക്കുന്നത് മൂലം അപകടങ്ങളും മാലിന്യ നിക്ഷേപവും വർദ്ധിച്ചത് ചൂണ്ടിക്കാട്ടി കേരള കൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തനംതിട്ട നഗരസഭയുടെ അടിയന്തര നടപടി. പാലത്തിൽ നിന്നും അഴൂർ ജംഗ്ഷനിലേക്കുള്ള പത്തനംതിട്ട നഗരസഭയുടെ ഭാഗമാണ് ഇന്നലെ ശുചീകരണ തൊഴിലാളികൾ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് തെളിച്ച് വൃത്തിയാക്കിയത്. മറൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഭാഗം വൃത്തിയാക്കൽ തുടങ്ങിയിട്ടില്ല. നിരവധി വാഹനങ്ങൾ ദൈനംദിനം കടന്നു പോകുന്ന പൂങ്കാവ് - പ്രമാടം- പത്തനംതിട്ട റോഡിലെ മറൂരിലാണ് പാറക്കടവ് പാലം സ്ഥിതി ചെയ്യുന്നത്. ഒരു വശം പത്തനംതിട്ട നഗരസഭയും മറുവശം പ്രമാടം ഗ്രാമപഞ്ചായത്തുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലെയും റോഡികളും കാടുമൂടി വള്ളിച്ചെടികളും പാഴ്മരങ്ങളും റോഡിലേക്ക് മറിഞ്ഞ് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. ഇതുമൂലം പ്രദേശത്ത് അപകടങ്ങളും പതിവായി. കാടിന്റെ മറവിൽ മാലിന്യ നിക്ഷേപവും വർദ്ധിച്ചതോടെ ദുർഗന്ധവും തെരിവുനായ്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമായിരുന്നു. പാലത്തിന് താഴെയായി അച്ചൻകോവിലാറ്റിൽ

ശുദ്ധജല വിതരണ പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. കാട് തെളിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ നഗരസഭയിലും പഞ്ചായത്തിലും ജനപ്രതിതിധികൾക്കും പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.