അടൂർ : ഏറത്ത് പഞ്ചായത്തിലെ ശ്രീനാരായണപുരം ഏലായിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. വിളവെടുക്കാറായ നൂറുകണക്കിന് മൂട് കപ്പയും ചേമ്പും കിഴങ്ങുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്.ശാന്താലയത്തിൽ കെ.ശാന്തൻ, മലമേശേരിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ ശിവരാമപിള്ള, കൃഷ്ണാലയം കൃഷ്ണകുമാർ , പാലവിളയിൽ കുട്ടൻ പിള്ള,കുരുമ്പിലേത്ത് കുഞ്ഞുള്ളആശാൻ എന്നിവർക്കാണ് നഷ്ടമുണ്ടായത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിചെയ്യുന്നവരുണ്ട്. ഏറത്ത് പഞ്ചായത്തിലും ഏറത്ത് കൃഷിഭവനിലും നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് സ്ഥിരം ഷൂട്ടറുള്ള പഞ്ചായത്താണ് ഏറത്ത്. പന്നിയെ വെടിവയ്ക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പന്നിശല്യത്തിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വേലി കെട്ടുന്നതിന് സബ്സിഡി ഇനത്തിൽ 50000 രൂപ പഞ്ചായത്തിൽ നിന്ന് നിരവധി കർഷകർക്ക് നൽകിയിട്ടുണ്ട്.
-----------------
കാട്ടുപന്നി ശല്യത്തിന് അറുതിവരുത്താൻ പഞ്ചായത്ത് അധികൃതരുടെയോ കൃഷിഓഫീസറുടെയോ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുപോകും.
വിനീഷ് കൃഷ്ണൻ
(പ്രസിഡന്റ്
കർഷക മോർച്ച അടൂർ മണ്ഡലം )
-------------------
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ പഞ്ചായത്ത് പരമാവധി ശ്രമിക്കുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് ഒപ്പമുണ്ടാകും.
സന്തോഷ് ചാത്തന്നപ്പുഴ
( ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )