uparodham
തിരുവല്ല നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജിനെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുന്നു

തിരുവല്ല : നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തിയ സംഭവത്തിൽ തിരുവല്ല നഗരസഭാദ്ധ്യക്ഷയെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് കൗൺസിൽ ഹാളിലെ ചേമ്പറിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയാണ് പ്രതിപക്ഷ കക്ഷികളായ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ചേർന്ന് നഗരസഭാദ്ധ്യക്ഷ അനു ജോർജിനെ ചേമ്പറിൽ ഉപരോധിച്ചത്. കഴിഞ്ഞമാസം നാലിന് നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചെന്നും മിനിട്ട്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളംമൂലം നിറുത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞമാസം നാലിന് നടന്ന കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പലതും ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്ക് വിതരണം ചെയ്ത മിനിറ്റ്സിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇവയിൽ ചിലത് ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് അനുജോർജ് നഗരസഭാദ്ധ്യക്ഷയായി ചുമതലയേറ്റ കാലം മുതലുള്ള മിനിറ്റ്സുകൾ വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യം ഉയർത്തിയിരുന്നു. ഇവയെല്ലാം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷം ഒന്നടങ്കം ഇന്നലെ സഭ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനുശേഷം ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ മിനിറ്റ്സിൽ വരുത്തിയ തിരുത്തലുകൾ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുവാൻ ചെയർപേഴ്സൺ തയാറാവാതെ വന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സനെ ചേമ്പറിൽ ഉപരോധിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ ബഹളവും ഉപരോധവും ഒരു മണിക്കൂറോളം നീണ്ടുനിന്നു. മിനിറ്റ്സിൽ തിരുത്തൽ വരുത്തുവാൻ തയാറല്ലെന്ന് അറിയിച്ച് ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമൻ മാത്യു, ബി.ജെ.പി പാർലമെന്ററി പാർട്ടി ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

.............................................

തിരുവല്ല സബ് ട്രഷറിയ്ക്ക് ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നലെ അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. മറ്റ് വിഷയങ്ങൾ അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങൾ ഇത് അംഗീകരിക്കാൻ തയാറായില്ല. ഈ സാഹചര്യത്തിൽ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു.
അനു ജോർജ്
(േനഗരസഭാദ്ധ്യക്ഷ)