 
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ വാർഡിലെ ( വാർഡ് 25) കോണത്തേത്ത് പടി വടക്കേമുറിപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കൽക്കെട്ട് തോട്ടിലേക്ക് ഇടിഞ്ഞു വീണിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. അപ്രോച്ച് റോഡിന്റെ കൽക്കെട്ട് നിർമ്മാണം നടത്താത്തതിനെ തുടർന്ന് വാർഡ് കൗൺസിലർ സിനിബിജുവിന്റെ നേതൃത്വത്തിൽ മുൻപ് കേക്ക് മുറിച്ച് പ്രതിഷേധിച്ചിരുന്നു. വീതി കുറഞ്ഞ അപ്രോച്ച് റോഡിന്റെ പകുതി ഭാഗത്തോളം തോട്ടിലേക്ക് ഇടിഞ്ഞുവീണിരിക്കുകയാണ്. രണ്ട് മാസം മുമ്പ് വഴിതെറ്റി ഇതിലേ വന്ന നാലുപേർ സഞ്ചരിച്ച കാറിന്റെ ഒരു വശം തോടിന്റെ ഭാഗത്തേക്ക് ചരിഞ്ഞിരുന്നു. പിന്നീട്നാട്ടുകാരുടെ സഹായത്തോടെയാണ് കാർ അവിടെ നിന്ന് നീക്കം ചെയ്തത്. രണ്ട് തവണ ഇറിഗേഷൻ വകുപ്പ് ഇവിടെയെത്തി എസ്റ്റിമേറ്റ് തയാറാക്കി . പുതിയ എസ്റ്റിമേറ്റ് പ്രകാരം 18 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
പരാതി നൽകിയിട്ടും ഫലമില്ല
മന്ത്രി സജി ചെറിയാനും മന്ത്രി റോഷി അഗസ്റ്റിനും പരാതി നൽകിയെങ്കിലും നാളിതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ഇതിനിടയിൽ നിരവധി അപകടങ്ങൾക്കാണ് ദൃക്സാക്ഷിയാകേണ്ടി വന്നതെന്ന് വാർഡ് കൗൺസിലർ സിനി ബിജു പറഞ്ഞു. കൂടാതെ തോടിന്റെ സമീപത്ത് മതിൽ കെട്ടില്ലാത്ത നിരവധി വീടുകളാണുള്ളത്. കുട്ടികൾ ഉള്ളതിനാൽ വീട്ടുകാർ ആശങ്കയിലാണ്. തോടിന്റെ സംരക്ഷണ ഭിത്തിയ്ക്ക് മുകളിൽ സുരക്ഷാവേലി ഇല്ലാത്തതും നാട്ടുകാർക്കിടയിൽ അപകട ഭീതി ഉണ്ടാക്കുന്നുണ്ട്.
നടപടി എടുക്കാതെ അധികൃതർ
...................................................
മൂന്ന് വർഷമായി റോഡ് സഞ്ചാര യോഗ്യമല്ല. ഫണ്ട് അനുവദിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ പോകാനുള്ള എളുപ്പവഴിയാണ്, രാത്രിയിലാണ് കൂടുതൽ വണ്ടികൾ വരുന്നതും അപകടം ഉണ്ടാകുന്നതും.
ഓമനക്കുട്ടൻ
(സ്ഥലവാസി)
........................
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതുകൊണ്ട് വീടുകൾക്കും ഭീഷണിയാകുന്നുണ്ട്. മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട് .എത്രയും വേഗം ഇതിന് പരിഹാരം കാണണം.
ബിന്ദു അനിൽകുമാർ
(സ്ഥലവാസി )
.................
റോഡിൽ സഞ്ചാരമില്ലാതായിട്ട് 3 വർഷം
...........