പത്തനംതിട്ട: ഓമല്ലൂർ സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവം നാളെ മുതൽ 13 വരെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കലാക്ഷേത്രം പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും. പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ സംഗീതോത്സവത്തിന് തിരി തെളിയിക്കും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ മുഖ്യപ്രഭാഷണവും ഫോക് ലോർ അക്കാഡമി അംഗം സുരേഷ് സോമ ഉപഹാര സമർപ്പണവും നിർവഹിക്കും. വൈകിട്ട് ആറു മുതൽ സംഗീത സദസ്. രണ്ടാംദിവസം വൈകിട്ട് അഞ്ചു മുതൽ സംഗീതാരാധന, പൂജവയ്പ്, ദുർഗാഷ്ടമി സ്മൃതിഭാഷണം, മാന്നാർ സുദീപ് കുമാറിന്റെ സംഗീത സദസ്. 11നു രാവിലെ ഒമ്പതു മുതൽ സംഗീത ആരാധന, ഗാന പ്രവീണ ജൂലിയസ് സീസർ (ബംഗളൂരു) സംഗീത സദസ്. രാത്രി 7.30ന് ആതിര സുരേഷിന്റെ സംഗീതസദസ്. 12നു രാവിലെ എട്ടു മുതൽ വിവിധ ശാസ്ത്രീയകലകളുടെ അവതരണം, ആശാ ഗിരീഷ്, മിനി സുരേന്ദ്രൻ എന്നിവരുടെ സംഗീത സദസ്, ശ്രീനന്ദ ഇളയിടത്തിന്റെ സോപാന സംഗീതം, എസ്. മീരാക്ഷ്മിയുടെ സംഗീത സദസ്, രാത്രി ഏഴിന് നൃത്ത പരിപാടി. വിജയദശമി നാളിൽ രാവിലെ എഴു മുതൽ പൂജയെടുപ്പും വിവിധ കലകളിലുള്ള വിദ്യാരംഭവും എഴുത്തിനിരുത്തും. എട്ടു മുതൽ ഓമല്ലൂർ രജിത് കൃഷ്ണന്റെ വയലിൻ കച്ചേരി, കലാക്ഷേത്രം വിദ്യാർത്ഥികളുടെ സംഗീതാരാധന, മൃദംഗവായന, വയലിൻ വദനം, ലയവിന്യാസം തുടങ്ങിയവ അരങ്ങേറും. മൂന്നു മുതൽ സംഗീത സദസ്, വൈകിട്ട് അഞ്ചിന് ഡോ.മണക്കാല ഗോപാലകൃഷ്ണന്റെ സംഗീത സദസ്. രാത്രി ഏഴു മുതൽ കലാക്ഷേത്രം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന സംഗീതാർച്ചനയോടെ വിജയദശമി സംഗീതോത്സവത്തിനു സമാപനമാകും. ഭാരവാഹികളായ പി.ആർ. കുട്ടപ്പൻ നായർ, പി.ആർ. മോഹനൻ നായർ, പട്ടാഴി എൻ. ത്യാഗരാജൻ, സുരേഷ് ഓലിത്തുണ്ടിൽ, സി.കെ. അർജുനൻ, മലമേൽ വിനു നമ്പൂതിരി, രാജേഷ് ഓമല്ലൂർ, എൻ. ബാബുരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.