പത്തനംതിട്ട: ശനിദശ ഒഴിയാതെ നഗരത്തിൽ ഒരു ദിശാബോർഡ്. മാസങ്ങൾക്ക് മുമ്പാണ് പത്തനംതിട്ട മാർക്കറ്റ് റോഡിൽ നിന്ന് അഴൂരിലേക്കുള്ള റോഡും റിംഗ് റോഡും സംഗമിക്കുന്ന ഭാഗത്ത് നടുവിൽ പൊലീസിന് നിന്ന് ഗതാഗതം നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ ദിശാബോർഡ് സ്ഥാപിച്ചത്. ഇതും അജ്ഞാത വാഹനം ഇടിച്ചുകളഞ്ഞു. റോഡിന് നടുവിൽ ഉറപ്പിച്ചിരുന്ന ദിശാ സൂചികാ ബോർഡ് അഴിച്ചെടുത്തെങ്കിൽ മാത്രമേ നേരെയാക്കാൻ കഴിയു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇത്തരത്തിൽ സ്ഥാപിച്ച പല നിർമ്മിതികളും വാഹനം ഇടിച്ച് നശിച്ചു. ആറുമാസം മുമ്പാണ് ഏറ്റവും ഒടുവിൽ ദിശാസൂചിക ബോ‌ർഡ് തകർത്തത്. ഇത് ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണുകൾ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടം റോഡിൽ ഉയർന്ന് നിന്നതും അപകടത്തിന് കാരണമായിരുന്നു. തുടർന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധവും മാദ്ധ്യമ വാർത്തകളും ശക്തമായതോടെയാണ് ഇരുമ്പുകാലിന്റെ അവശിഷ്ടം നീക്കിയത്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് മതിയായ വെളിച്ചമില്ലാത്തതും ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് ദിശാബോർഡ് കാണാൻ കഴിയാത്തതുമാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് ഡ്രൈവർമാർ പറയുന്നത്.