
റാന്നി : പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ ശേഖരിച്ച് തടിക്കച്ചവടം കൊഴുപ്പിക്കുകയാണ് വ്യാപാരികൾ. കൊടുംവളവുകളിൽ ഉൾപ്പടെ നിരന്ന് കിടക്കുന്ന കൂറ്റൻ തടികൾ അപകടങ്ങൾക്ക് കാരണമാകുന്നു. പലയിടങ്ങളിലും വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും കഴിയാത്ത വിധമാണ് തടികൾ ശേഖരിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങൾ തടി സൂക്ഷിക്കാനുള്ള ഇടമല്ലെന്നും റോഡരികിൽ തടികൾ ഇടുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവുകൾ ഉണ്ടെങ്കിലും കച്ചവടക്കാർ ഇത് വകവയ്ക്കാറില്ല. ഏറെ തിരക്കുള്ള സമയങ്ങളിൽ പോലും റോഡ് ബ്ലോക്ക് ചെയ്ത് വലിയ ക്രെയിൻ ഉൾപ്പടെ ഉപയോഗിച്ച് ലോറികളിലേക്ക് തടികൾ കയറ്റുന്നവരുണ്ട്. റാന്നി - അത്തിക്കയം - പെരുനാട് റോഡിൽ നിരവധിയിടത്ത് തടികൾ കിടപ്പുണ്ട്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
ഗതാഗതം തടസപ്പെടുന്നു
പുനലൂർ - മൂവാറ്റുപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തപ്പോൾ ബൈ റോഡായി മാറിയ മേഖലയിലാണ് കച്ചവടക്കാർ തടികൂട്ടിയിട്ടിരിക്കുന്നത്. ഗതാഗതം തടസപ്പെടുത്തി ഇവിടെ ലോറിയിൽ തടികൾ കയറ്റുന്നതും പതിവായിരിക്കുന്നു. റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി വരെ ഗതാഗത തടസമൊരുക്കി ലോറിയിൽ തടി കയറ്റി.