road
തകർച്ചയിലായ പാലിയേക്കര -കാട്ടൂക്കര റോഡ്

തിരുവല്ല : പതിറ്റാണ്ടിലേറെയായി അറ്റകുറ്റപ്പണികളൊന്നുമില്ലാതെ തകർച്ചയിലായ പാലിയേക്കര - കാട്ടൂക്കര - സാൽവേഷൻ ആർമി റോഡ് സഞ്ചാരയോഗ്യമാക്കാതെ നഗരസഭ വീണ്ടും നാട്ടുകാരെ പറ്റിച്ചു. പ്രതിഷേധത്തെതുടർന്ന് കഴിഞ്ഞ ജൂലായ് ഒന്നിന് നിർമ്മാണം തുടങ്ങിയെന്ന് കാണിക്കാനായി പാലിയേക്കര ഭാഗത്ത് റോഡ് കുത്തിയിളക്കിയിട്ടു. സഞ്ചാരയോഗ്യമാക്കുമെന്നും മഴ കുറഞ്ഞാലുടൻ ടാറിംഗ് പൂർത്തിയാക്കുമെന്നുമാണ് അന്ന് നഗരസഭാ അധികൃതർ പറഞ്ഞത്. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും ഒന്നും നടന്നില്ല. റോഡ് നിർമ്മാണത്തിനായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തുകയുടെ അപര്യാപ്തതയെ തുടർന്ന് പണികൾ തടസപ്പെടുകയായിരുന്നു. എന്നാൽ ഇടഞ്ഞുനിൽക്കുന്ന കരാറുകാരുമായി നഗരസഭാ അധികൃതർ സംസാരിച്ചശേഷമാണ് മൂന്നുമാസം മുമ്പ് റോഡ് കുത്തിയിളക്കിയിട്ടത്. നഗരസഭയുടെ 31,32,33,34,35 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
മഴക്കാലമായതോടെ ചെളിക്കുളവുമായി. ഓടയില്ലാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. ചെളിവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹന യാത്രികർക്ക് നഗരത്തിലെ കുരുക്കിൽപ്പെടാതെ എം.സി റോഡിൽ പ്രവേശിക്കാനുള്ള എളുപ്പമാർഗമാണിത്.

ഇടുങ്ങിയ പാലവും ഭീഷണി
തിരക്കേറിയ റോഡിൽ പാലിയേക്കരയ്ക്ക് സമീപത്തെ ഇടുങ്ങിയ പാലവും അപകടഭീഷണിയിലാണ്. ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ പോകരുതെന്ന് നഗരസഭ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വരുന്ന വാഹനങ്ങൾ മുന്നറിയിപ്പ് കാണാതെ അപകടത്തിൽപ്പടാനുളള സാദ്ധ്യതയുണ്ട്.

വീതികൂട്ടി വികസിപ്പിക്കണം
റോഡ് വീതികൂട്ടി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ റോഡിന് പലഭാഗത്തും നാലുമീറ്റർ മാത്രമാണ് വീതിയുള്ളത്. സ്ഥലമേറ്റെടുക്കേണ്ടിയും വരും. എം.സി റോഡിനെയും കായംകുളം റോഡിനെയും ബന്ധിപ്പിച്ച് തിരുവല്ല നഗരത്തിൽ ലിങ്ക് റോഡായി ഉപയോഗിക്കാവുന്ന പാതയാണിത്.

ബഹുജന പ്രക്ഷോഭം ഇന്ന്
ഏറെക്കാലമായി തകർച്ചയിലായ പാലിയേക്കര - കാട്ടുക്കര - സാൽവേഷൻ ആർമി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ഇന്ന് ആരംഭിക്കുകയാണ്. രാവിലെ 10ന് പാലിയേക്കര ജംഗ്ഷനിൽ ജനങ്ങൾ സംഘടിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തും.

പണികൾക്ക് അനുവദിച്ചത് : 60 ലക്ഷം രൂപ